കല്ലറ: ദിവസങ്ങളായി തുടരുന്ന മഴയില്‍ കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ പൂര്‍ണമായും വെള്ളത്തില്‍. മുണ്ടാറിലെ 233 വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവിടുത്തെ 400 ഏക്കറോളം വരുന്ന പാടശേഖരങ്ങളും വെള്ളത്തിലായതോടെ വ്യാപകമായ കൃഷിനാശവും നേരിടുകയാണ്.
ഈ ദിവസങ്ങളില്‍ പറിച്ചുനടേണ്ട നെല്ലാണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതെന്ന് വാര്‍ഡ് മെംബർ പ്രമീള ഷിബു പറഞ്ഞു. വെള്ളപ്പാച്ചിലില്‍ പല പാടശേഖരങ്ങളുടെയും ബണ്ടുകള്‍ തകര്‍ന്ന നിലയിലാണ്. വാഴ, കപ്പ കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതോടെ പാത്രങ്ങളും മറ്റു വീട്ടുപകരണങ്ങളുമെല്ലാം മേശകളിലും കട്ടിലുകളിലുമായി ഉയര്‍ത്തിവച്ചിരിക്കുകയാണ്. കന്നുകാലികളെയും മറ്റു ബണ്ടുകളിലാണ് കെട്ടിയിട്ടിരിക്കുന്നത്.
കല്ലറ പഞ്ചായത്തിലെ ഒന്നാം വാര്‍ഡും രണ്ടാം വാര്‍ഡിന്റെ കുറച്ചു ഭാഗവും ചേര്‍ന്ന വെള്ളത്താല്‍ ചുറ്റപ്പെട്ട അപ്പര്‍ കുട്ടനാടൻ പ്രദേശമാണ് മുണ്ടാര്‍. മുണ്ടാറിന് ചുറ്റുമുള്ള കരിയാറിലും കെവി കനാലിലും മറ്റ് തോടുകളിലും ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ പലയിടത്തും പാടശേഖരങ്ങളുടെ പുറംബണ്ട് തകര്‍ന്നു കവിഞ്ഞും പാടശേഖരങ്ങള്തന്നെ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.
പാടശേഖരങ്ങളിലെ ബണ്ടുകളിലും മറ്റ് കരപ്രദേശങ്ങളിലുമാണ് ഇവിടുത്തെ വീടുകളിലധികവും. ഇവിടുത്തെ ഭൂരിഭാഗം കുടുംബങ്ങളും ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും താമസം മാറിയിരിക്കുകയാണ്.