മുരിങ്ങൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച അശാസ്ത്രീയ കാനകൾ മൂലം മുരിങ്ങൂർ കോട്ടമുറി പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് ദുരിതം തുടരുന്നതിനിടെ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടൽ.
ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ അടിപ്പാതയുടെ കവാടവും സർവീസ് റോഡും വെള്ളത്തിനടിയിലായതോടെ മഴവെള്ളം സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറി. പ്രദേശത്തെ 12 കുടുംബങ്ങളാണ് വെള്ളക്കെട്ട് ഭീഷണിയിൽ കഴിയുന്നത്. ചെറിയ മഴ പെയ്താൽ പോലും പ്രദേശം വെള്ളക്കെട്ടിലാകുന്ന സാഹചര്യമാണുള്ളതെന്നും ശക്തമായ കാലവർഷം മുന്നിലുള്ളത് ആശങ്ക വർധിപ്പിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.
മുരിങ്ങൂർ മുതൽ കോട്ടമുറി വരെയുള്ള ദേശീയപാതയുടെ ഇരുഭാഗങ്ങളിൽ നിന്നുമുള്ള മഴവെള്ളം ഒരിടത്തേക്ക് കേന്ദ്രീകരിക്കുന്ന രീതിയിലാണ് കാനകൾ നിർമിച്ചതെന്നാണ് പ്രദേശവാസികളുടെ ആരോപണം. കാനകളിൽ മണ്ണ് നിറഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകാൻ കഴിയുന്നില്ലെന്നും ഭൂമിയുടെ സ്വാഭാവിക ചരിവും ജലനിരപ്പും പരിഗണിക്കാതെയുള്ള നിർമാണമാണ് ദുരിതത്തിന് കാരണമായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പ്രദേശവാസികൾക്കൊപ്പം ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്ന യാത്രക്കാരും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ, വൈസ് പ്രസിഡന്റ്് ജോബി മാനുവൽ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പോളി പുളിക്കൻ, വാർഡ് അംഗം എ.ഡി. സജി എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്ന് വിഷയം എംഎൽഎ സനീഷ് കുമാറിന്റേയും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്റെയും ശ്രദ്ധയിൽപ്പെട്ടതോടെ ഇരുവരും സംഭവസ്ഥലം സന്ദർശിച്ചു. ജനപ്രതിനിധികൾക്കും നാട്ടുകാർക്കുമൊപ്പം സ്ഥലം പരിശോധിച്ച കളക്ടർ ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടറോട് പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നിർദേശം നൽകി.
കാനകളിൽ അടിഞ്ഞുകൂടിയ മണ്ണ് പൂർണമായും നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള സൗകര്യം ഒരുക്കണമെന്നും പണി പൂർത്തിയായശേഷം ചിത്രങ്ങൾ സഹിതം റിപ്പോർട്ട് സമർപ്പിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഇതേതുടർന്ന് നിർമാണക്കമ്പനിയുടെ തൊഴിലാളികൾ സഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഡ്രെയിനേജിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു മീറ്റർ വീതിയുള്ള കോൺക്രീറ്റ് സ്ലാബുകൾ ഉയർത്തിയാണ് നിലവിൽ മണ്ണ് നീക്കം ചെയ്യുന്നത്. എന്നാൽ ഡ്രെയിനേജിന് വെറും രണ്ടടി ആഴം മാത്രമാണുള്ളതെന്നും പത്ത് മീറ്റർ നീളത്തിലുള്ള വലിയ കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്താൽ മാത്രമേ മുഴുവൻ മണ്ണും പുറത്തെടുക്കാൻ കഴിയൂവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
മണ്ണുമാന്തി യന്ത്രവും പ്രഷർ പമ്പും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പൂർണ വിജയം കൈവരിക്കാനായില്ല. ഡ്രെയിനേജിലെ മണ്ണ് പൂർണമായും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കാതെ നിർമാണ ക്കമ്പനിയുടെ മേൽനോട്ടക്കാരെയും തൊഴിലാളികളെയും മടക്കിവിടില്ലെന്ന നിലപാടാണ് ആദ്യം ജനപ്രതിനിധികളും നാട്ടുകാരും സ്വീകരിച്ചത്. ഒടുവിൽ ഇന്ന് തന്നെ കാനയിൽ നിറഞ്ഞുകിടക്കുന്ന മണ്ണ് പൂർണമായി നീക്കി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളെയും സൂപ്പർവൈസർമാരെയും തിരിച്ചയച്ചത്.