കോൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ തന്നോട് സംസ്ഥാന സർക്കാർ കാട്ടിയ അവഗണനയിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. സിലിഗുരിയിൽ നടന്ന അന്താരാഷ്ട്ര സന്താൾ കൗൺസിലിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയോ മറ്റ് മന്ത്രിമാരോ എത്താതിരുന്നതാണ് വലിയ വിവാദമായത്.
ശനിയാഴ്ച രാഷ്ട്രപതി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ സ്വീകരിക്കാൻ സിലിഗുരി മേയർ മാത്രമാണ് എത്തിയത്. മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താത്തത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണ്. പരിപാടിയുടെ വേദി ആദ്യം നിശ്ചയിച്ചിരുന്ന ബിദാൻ നഗറിൽ നിന്ന് ഗോഷായിപുരിലേക്ക് മാറ്റിയതിലും രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചു. ബിദാൻ നഗറായിരുന്നുവെങ്കിൽ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാമായിരുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ജനങ്ങൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലത്തേക്ക് പരിപാടി മാറ്റിയത് ആദിവാസികളുടെ ക്ഷേമത്തിൽ സംസ്ഥാന സർക്കാരിന് താത്പര്യമില്ലാത്തതുകൊണ്ടാകാം എന്ന് രാഷ്ട്രപതി വിമർശിച്ചു.
"മമത എനിക്ക് ഇളയ സഹോദരിയെപ്പോലെയാണ്. ഞാനും ബംഗാളിന്റെ മകളാണ്. അവർക്ക് എന്നോട് എന്തെങ്കിലും അനിഷ്ടമുണ്ടോ എന്ന് അറിയില്ലയെന്നും രാഷ്ട്രപതി പറഞ്ഞു.