ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ രാജ്കുമാർ ഗോയൽ മുഖ്യ വിവരാവകാശ കമ്മീഷണറായി (സിഐസി) സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി കഴിഞ്ഞയാഴ്ചയാണു ഗോയലിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി ശിപാർശ ചെയ്തത്.
അരുണാചൽപ്രദേശ്-ഗോവ-മിസോറം കേഡറിലെ 1990 ബാച്ച് ഐഎഎസുകാരനായ ഗോയൽ നിയമമന്ത്രാലയത്തിനു കീഴിലുള്ള നീതിന്യായ വകുപ്പിൽ സെക്രട്ടറിയായി ഓഗസ്റ്റ് 31നാണ് വിരമിച്ചത്.
ആഭ്യന്തരമന്ത്രാലയത്തിനു കീഴിൽ സെക്രട്ടറിയായി (ബോർഡർ മാനേജ്മെന്റ്) സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, കേന്ദ്രസർക്കാരിലും മുന്പ് സംസ്ഥാനമായിരുന്ന ജമ്മു കാഷ്മീരിലും സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശിയാണ്.
Tags : Rajkumar Goyal takes oath CIC Murmu