ടെക്സസ്: സ്റ്റാഫോർഡിലെ ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ചിന്റെ സാമൂഹിക സേവന സംരംഭമായ "ബഡ്ഡീസ്' സൗജന്യ സംഗീതപഠന പദ്ധതിക്ക് ലണ്ടനിലെ പ്രശസ്തമായ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ അഫിലിയേഷൻ ലഭിച്ചു.
കുട്ടികൾക്ക് പൂർണമായും സൗജന്യമായി പിയാനോ പരിശീലനം നൽകുന്ന ഈ സംരംഭത്തിന് അന്താരാഷ്ട്ര സംഗീതവിദ്യാഭ്യാസ രംഗവുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതായി സഭാവികാരി ഫാ.ഡോ. റോയ് വർഗീസ് അറിയിച്ചു.
അഞ്ചുവർഷത്തോളമായി പ്രവർത്തിക്കുന്ന ബഡ്ഡീസ് പ്രോഗ്രാമിൽ നിലവിൽ വിവിധ പ്രായക്കാരായ അൻപതോളം കുട്ടികൾ സൗജന്യമായി പിയാനോ അഭ്യസിക്കുന്നുണ്ട്.
പുതിയ അഫിലിയേഷനിലൂടെ വിദ്യാർഥികൾക്ക് ട്രിനിറ്റി കോളേജിന്റെ അംഗീകൃത സിലബസ് അനുസരിച്ച് പഠനം നടത്താനും ഗ്രേഡഡ് സംഗീതപരീക്ഷകളിൽ പങ്കെടുക്കാനും അവസരം ലഭിക്കും.
പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അന്താരാഷ്ട്ര അംഗീകാരമുള്ള പ്രാവീണ്യ സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കാം. ലണ്ടൻ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിലെ പൂർവവിദ്യാർഥിയായ ആഷിക് ജോൺ ആണ് പ്രോഗ്രാമിന്റെ ഡയറക്ടറും പരിശീലകനും.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വ്യക്തിഗത ശ്രദ്ധയും ക്രമബദ്ധമായ പരിശീലനവും നൽകിവരുന്നു.
കോവിഡ് കാലത്ത് ഒരു ചെറിയ സംരംഭമായി ആരംഭിച്ച പദ്ധതി ഇന്ന് അൻപതോളം കുട്ടികൾക്ക് സൗജന്യ സംഗീതവിദ്യാഭ്യാസം നൽകുന്ന നിലയിലേക്ക് വളർന്നു.
ട്രിനിറ്റി കോളജുമായുള്ള അഫിലിയേഷൻ ഈ കുട്ടികളുടെ കഴിവുകൾക്ക് അന്താരാഷ്ട്ര അംഗീകാരം നേടാനുള്ള പുതിയ വാതിലുകൾ തുറക്കുകയാണ്' റവ. ഡോ. റോയ് വർഗീസ് വ്യക്തമാക്കി.
ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മാത്രം ഒതുങ്ങാതെ സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ആവശ്യങ്ങളോട് ചേർന്നുനിൽക്കുക എന്നതാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിലെ ആംഗ്ലിക്കൻ കമ്മ്യൂണിയന്റെ അംഗസഭയായ ദി എപ്പിസ്കോപ്പൽ ചർച്ചിന്റെ ടെക്സസ് രൂപതയിൽപ്പെട്ട ഇന്ത്യൻ സഭാസമൂഹമാണ് സ്റ്റാഫോർഡിലെ ഗുഡ് ഷെപ്പേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ച്.
ഇന്ത്യയിലെ സിഎസ്ഐ, സിഎൻഐ സഭകൾ ഉൾപ്പെടുന്ന ആംഗ്ലിക്കൻ കൂട്ടായ്മയുടെ ഭാഗമായ എപ്പിസ്കോപ്പൽ ചർച്ച്, മലങ്കര മാർത്തോമ്മ സുറിയാനി സഭയുമായി പൂർണ സഭാസഹവർത്തിത്വബന്ധവും പുലർത്തുന്നുണ്ട്.