ഓസ്റ്റിൻ (ടെക്സസ്): ഓസ്റ്റിൻ മാർത്തോമ്മാ ദേവാലയത്തിൽ സംഘടിപ്പിച്ച ഗായകസംഘത്തിന്റെ ആത്മീയ ശുശ്രൂഷാ ക്യാമ്പിന്റെ ഭാഗമായി നടന്ന "സംഗീത ധ്യാനം' പങ്കെടുത്തവർക്ക് വേറിട്ട ആത്മീയ അനുഭവമായി.
സംഗീതസംവിധായകനും വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ദൈവവചനവും സംഗീതവും സമന്വയിപ്പിച്ച ധ്യാനരീതിയിലൂടെ വിശ്വാസജീവിതത്തെ കൂടുതൽ ആഴത്തിലാക്കുന്നതിനും സംഗീതത്തെ ദൈവാരാധനയുടെ ശക്തമായ ശുശ്രൂഷയായി തിരിച്ചറിയുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗാനങ്ങൾ, ബൈബിൾ അധ്യായനങ്ങൾ, ആത്മീയ ചിന്തകൾ, സംഗീതധ്യാനം എന്നിവ ഉൾക്കൊള്ളുന്ന സെഷനുകളിൽ ഗായകസംഘാംഗങ്ങൾ സജീവമായി പങ്കെടുത്തു. സംഗീതം വെറും കലാപ്രകടനമല്ല, ദൈവമഹത്വത്തിനായുള്ള സമർപ്പിത ശുശ്രൂഷയും സുവിശേഷത്തിന്റെ ശക്തമായ സാക്ഷ്യവുമാണെന്ന് ഡോ. സണ്ണി സ്റ്റീഫൻ ഓർമിപ്പിച്ചു.
ഗായകസംഘാംഗങ്ങൾ ആത്മീയ വിശുദ്ധിയോടും സംഗീത മികവോടും കൂടെ ആരാധനയെ നയിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. സംഗീതത്തിലൂടെ മനസിനും ആത്മാവിനും നവോന്മേഷം പകരുന്ന ഈ ധ്യാനപരിപാടി പങ്കെടുത്തവർക്ക് ഏറെ പ്രചോദനവും ആത്മീയ ഉണർവും സമ്മാനിച്ചതായി അവർ അഭിപ്രായപ്പെട്ടു.
ഇടവക വികാരിയുടെയും ഭാരവാഹികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഗായകസംഘ ക്യാമ്പിൽ ആരാധന, പ്രാർഥന, സംഗീതപരിശീലനം, ആത്മീയ പഠനം, കൂട്ടായ്മ എന്നിവയും നടന്നു.
വിശ്വാസത്തിലും സംഗീതശുശ്രൂഷയിലും കൂടുതൽ വളർച്ച ലക്ഷ്യമിട്ട ഈ പരിപാടി ഓസ്റ്റിൻ മാർത്തോമ്മാ ദേവാലയത്തിന്റെ ആരാധനാ ശുശ്രൂഷയ്ക്ക് പുതിയ ആത്മീയ ഉണർവ് പകർന്നതായി വികാരി റവ. കോശി കുര്യൻ അറിയിച്ചു.