ഷാജഹാൻപുർ (യുപി): വീട്ടുപേരിനൊപ്പം വന്ദേമാതരം എന്നെഴുതിയ കാരണത്തിന് വിവാഹം നടത്തിക്കൊടുക്കുന്നതിൽനിന്ന് യുപിയിലെ മുസ്ലിം മതപുരോഹിതൻ പിന്മാറി. ഷാജഹാൻപുരിലെ റോസയിലുള്ള വധുവിനും കുടുംബത്തിനുമാണു വിവാഹദിവസം അപ്രതീക്ഷിത വെല്ലുവിളിയുണ്ടായത്. ഇവരുടെ വീടിനുമുന്നിൽ വീട്ടുപേരിനൊപ്പം വന്ദേമാതരം, ജയ്ഹിന്ദ് എന്നീവാക്കുകളും ഉണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹം നിശ്ചയിച്ചിരുന്നതെന്ന് സ്ഥലം എസ്പി ദേവേന്ദ്ര കുമാർ പറഞ്ഞു. വിവാഹഒരുക്കങ്ങൾക്കുശേഷം മതപുരോഹിതനായ സുർഖാനെ കുടുംബം വീട്ടിലേക്കു ക്ഷണിച്ചു. എന്നാൽ ഇയാൾ ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. കാരണം ചോദിച്ചപ്പോഴാണ് വന്ദേമാതരമാണു പ്രശ്നമെന്നു സമ്മതിച്ചത്.
ഷഫീഖ് ഖാൻ എന്ന മറ്റൊരു പുരോഹിതൻ എത്തി വിവാഹം നടത്തിയതോടെയാണ് കുടുംബാംഗങ്ങളുടെ ആശങ്കയൊഴിഞ്ഞത്. ചോദ്യംചെയ്യലിനായി സുർഖാനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയതായി പോലിസ് പറഞ്ഞു.