കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ തങ്ങൾക്കു പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച്, മുസ്ലിം ലീഗ് വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗം കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഭാഗം ബഹിഷ്കരിച്ചു.
നിലവിലെ സാഹചര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കോ അനുനയ നീക്കങ്ങള്‍ക്കോ നിന്നുകൊടുക്കേണ്ടെന്ന നിലപാടിലാണു കാന്തപുരം വിഭാഗം.
കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉൾപ്പടെ മൂന്നു നേതാക്കൾക്കാണ് യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ കത്തുനൽകിയിരുന്നത്. എന്നാൽ, തങ്ങളുടെ കടുത്ത പ്രതിഷേധം അറിയിക്കുന്നതിന്റെ സൂചനയായാണ് കോഴിക്കോട്ട് നടന്ന യോഗം ബഹിഷ്കരിക്കാൻ കാന്തപുരം വിഭാഗം തീരുമാനമെടുത്തത്.
എപി വിഭാഗത്തിന്റെ ഈ അതൃപ്തി പരിഹരിക്കുന്നതിനായി വരാനിരിക്കുന്ന ഹജ്ജ് ബോർഡ്, മദ്രസാ ബോർഡ് നിയമനങ്ങളിൽ കൃത്യമായ പരിഗണന നൽകി മുന്നോട്ടുപോകാമെന്നാണു മുസ്ലിം ലീഗ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, വഖഫ് ബോർഡിലെ ഒഴിവാക്കലിനു പകരം ഹജ്ജ് കമ്മിറ്റിയിലോ മറ്റ് ബോർഡുകളിലോ പരിഗണന നൽകിയുള്ള യാതൊരുവിധ അനുനയ ശ്രമങ്ങൾക്കും വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണു കാന്തപുരം വിഭാഗം. ഇതോടൊപ്പം പ്രമുഖ സമസ്ത നേതാക്കളും യോഗത്തില്‍നിന്നും വിട്ടുനിന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല.
ഇകെ വിഭാഗം സമസ്തയിലെ കടുത്ത ലീഗ് അനുകൂലിയായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വിയാണു പരിപാടിയിൽ പങ്കെടുത്തത്. കോഴിക്കോട്ട് നടന്ന യോഗത്തിൽ ലീഗ് നേതാക്കൾക്ക് പുറമെ കേരള വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി, ടി.പി. അബ്ദുള്ളക്കോയ മദനി, ഇ.പി. അഷ്റഫ് ബാഖവി, എം.ഐ. അബ്ദുൾ അസീസ്, ഡോ. എ.ഐ. അബ്ദുൾ മജീദ് സ്വലാഹി ഉൾപ്പടെയുള്ളവരാണ് പങ്കെടുത്തത്.