സുൽത്താൻ ബത്തേരി: വടക്കനാട്, വള്ളുവാടി മേഖലകളിൽ ആഴ്ചകളോളം ഭീതി പരത്തിയ മുട്ടിക്കൊന്പനെ വനസേന മയക്കുവെടിവച്ച് പിടിച്ച് മുത്തങ്ങയിലെ പന്തിയിലാക്കി. തുന്പിക്കൈക്ക് പരിക്കുള്ള ആനയ്ക്ക് ചികിത്സ തുടങ്ങി.
13 ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ താത്തൂർ സെക്ഷനിലെ ഓനച്ചൻ കവലയിലാണ് ആനയിൽ വിജയകരമായി മയക്കുവെടി പ്രയോഗിച്ചത്.
മാർച്ച് നാലിന് വടക്കനാടിൽ യുവകർഷകൻ രജീവ് (37) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായതനുസരിച്ചാണ് പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് ആനയെ പിടിച്ചത്.
രാത്രികാലങ്ങളിൽ വൈദ്യുതവേലി തകർത്ത് കൃഷിയിടങ്ങളിലിറങ്ങി നാശം വിതയ്ക്കുന്ന സ്വഭാവക്കാരനാണ് മുട്ടിക്കൊന്പൻ.
വെടിയേറ്റ് മയങ്ങിയ ആനയെ മുത്തങ്ങ പന്തിയിലെ കുംകിയാനകളുടെ സഹായത്തോടെയാണ് വനത്തിന് പുറത്തെത്തിച്ചത്. പിന്നീട് റേഡിയോ കോളർ ഘടിപ്പിച്ചു.
തുന്പിക്കൈയിൽ പരിക്കുള്ളതിനാൽ കാട്ടിൽ സ്വയം ഭക്ഷണം തേടാൻ ബുദ്ധിമുട്ടുമെന്ന് നിരീക്ഷിച്ചാണ് പന്തിയിലെത്തിച്ച് ചികിത്സിക്കാൻ തീരുമാനിച്ചത്.
പരിക്ക് ഭേദമാകുന്നതുവരെ ആനയെ മുത്തങ്ങ ക്യാന്പിൽ പരിചരിക്കും. പിന്നീട് ഉൾക്കാട്ടിൽ തുറന്നുവിടാനാണ് പദ്ധതി.