കൽപറ്റ: വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിയ കാട്ടാന മുട്ടിക്കൊമ്പനെ 13 ദിവസത്തെ ദൗത്യത്തിനൊടുവിൽ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു. ‘താത്തൂർ ടസ്കർ 1’ എന്ന് വനംവകുപ്പ് രേഖകളിൽ പേരു നൽകിയ കാട്ടാനയെയാണ് പിടികൂടിയത്.
ഇന്നു പുലർച്ചെ ആരംഭിച്ച ദൗത്യത്തിനിടെ താത്തൂർ സെക്‌ഷനിൽ ഓനച്ചൻ കവലയിൽ വച്ചാണ് ആനയെ മയക്കുവെടി വച്ചത്. കുങ്കിയാനകളുടെ സഹായത്തിൽ മുട്ടിക്കൊമ്പനെ ലോറിയിൽ കയറ്റി മുത്തങ്ങ ആനപ്പന്തിയിൽ എത്തിക്കും.
ആനയെ പിടികൂടാൻ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ, ബയോളജിസ്റ്റ് വിഷ്ണു തുടങ്ങിയവരുടെ നേതൃത്വത്തിൽ എൺപത് അംഗ വനംവകുപ്പ് സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്. കൂടാതെ, മുത്തങ്ങ ആനപ്പന്തിയിലെ വിക്രം, സൂര്യ, പ്രമുഖ, ഉണ്ണികൃഷ്ണൻ, കോന്നി സുരേന്ദ്രൻ എന്നീ കുങ്കിയാനകളെയും പ്രദേശത്ത് നിയോഗിച്ചിരുന്നു.
മാർച്ച് നാലിന് ബത്തേരി വടക്കനാടിൽ ഈ കാട്ടാനയുടെ ആക്രമണത്തിൽ യുവകർഷകൻ പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (37) കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ആനയെ പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.