നേടിയ മെഡലുകളും പിന്തള്ളിയ ദൂരവും അളവുകോലാകേണ്ടിടത്ത്, വസ്ത്രത്തിന്റെയും ആഭരണങ്ങളുടെയും പേരിൽ ആക്രമിക്കുന്ന സൈബർ വിമർശകർക്ക് മലയാളി ലോംഗ്ജംപ് താരം ആൻസി സോജന്റെ മറുപടി.
“ഇഷ്ടമുള്ള വസ്ത്രവും ആഭരണങ്ങളും ഹെയർ പിന്നുകളും ഹെഡ്ബാൻഡും ധരിക്കുന്നത് എന്റെ ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. അതെന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതിൽ മറ്റാരും ഇടപെടേണ്ടതില്ല. മത്സരവേദിയിൽ ഞാൻ എങ്ങനെ ഒരുങ്ങണമെന്നത് എന്റെ ഇഷ്ടമല്ലേ. ഇവയെല്ലാം ധരിക്കുമ്പോഴാണ് എനിക്ക് ആത്മവിശ്വാസം കൂടുന്നത്.
അന്താരാഷ്ട്ര തലത്തിൽ മെഡലുകൾ നേടിയിട്ടുള്ള നിരവധി താരങ്ങൾ എനിക്കു മുമ്പേ ആഭരണങ്ങളും ഹെഡ്ബാൻഡുകളും ഹെയർ ആക്സസറീസുകളുമൊക്കെ ഉപയോഗിച്ചിട്ടുള്ളത് കണ്ടിട്ടില്ലേ. ഒരുഡസൻ കുണുക്ക് അഴിച്ചുവച്ചാൽ, കണ്ണെഴുതാതിരുന്നാൽ സ്വർണം കിട്ടുമായിരുന്നു എന്നൊക്കെ പറയുന്നത് എത്ര ബാലിശമാണ്. 6.88 മീറ്റർ ചാടി ഞാൻ ദേശീയ റിക്കാർഡിട്ടപ്പോഴും ഇവയെല്ലാം ധരിച്ചിരുന്നു.
നഗോയയിൽ സ്വർണം തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അന്നെന്റെ ദിവസമായിരുന്നില്ല. കാലാവസ്ഥയും അനുകൂലമായിരുന്നില്ല. അതിനാൽ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഏഷ്യൻ ഗെയിംസിൽ രണ്ടു വെള്ളിയെന്നത് ചെറിയൊരു നേട്ടമല്ലല്ലോ. മുഖമില്ലാത്ത അക്കൗണ്ടുകളിൽ നിന്നാണ് പല വിമർശനങ്ങളും. സ്പോർട്സിനെ സ്നേഹിക്കുന്നവരോ സ്പോർട്സുമായി ബന്ധമുള്ളവരോ ആരും ഇങ്ങനെ ചെയ്യില്ല എന്നാണെന്റെ വിശ്വാസം.
ഇത്തരം വിമർശനങ്ങളിലൊന്നും ഞാൻ തളരില്ല. മോട്ടിവേറ്റ് ചെയ്യേണ്ടവർ കാമ്പില്ലാത്ത വിമർശനങ്ങളുമായി വരുമ്പോൾ എന്താണു പറയുക. മെഡൽ നേടുമ്പോൾ അഭിനന്ദനങ്ങളുമായി ഒട്ടേറെ പേർ വരും. പക്ഷേ, ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരേയാണ് ആഞ്ഞടിക്കേണ്ടത്. താരത്തിന്റെ വേഷത്തിനപ്പുറം അവർ നേടുന്ന നേട്ടങ്ങളാണ് കായികലോകം വിലയിരുത്തേണ്ടത്’’- ജപ്പാനിലെ നഗോയയിൽനിന്ന് ആൻസി ദീപികയോടു പറഞ്ഞു.
2026 ഏഷ്യൻ ഗെയിംസിൽ വനിതാ ലോംഗ്ജംപ് ഫൈനലിൽ ആദ്യ അഞ്ച് റൗണ്ടിലും തൃശൂർ നാട്ടിക സ്വദേശിയായ ആൻസിയായിരുന്നു ഒന്നാമത്. എന്നാൽ, ആറാം ശ്രമത്തിൽ ചൈനീസ് താരം ഹ്വാങ് യിങ്യിങ് ആൻസിയെ മറികടന്ന് സ്വർണം കരസ്ഥമാക്കി .
6.55 മീറ്ററുമായി ഹ്വാങ് യിങ്യിങ് സ്വർണവും 6.53 ക്ലിയർ ചെയ്ത ആൻസി വെള്ളിയും സ്വന്തമാക്കി. ഇതിനു പിന്നാലെയാണ് ആൻസിക്കെതിരേ സൈബർ ആക്രമണം നടന്നത്. ആൻസിക്കു പിന്തുണയുമായി കേരള അത്ലറ്റിക് അസോസിയേഷൻ അടക്കം രംഗത്തെത്തി. 2022 ഏഷ്യൻ ഗെയിംസിലും ആൻസി വെള്ളി നേടിയിരുന്നു.
വിമർശകർക്കുള്ള മറുപടി ലോംഗ്ജംപ് പിറ്റിൽതന്നെ നൽകണമെന്നാണാഗ്രഹം എന്ന വാക്കുകളോടെയാണ് ആൻസി, ദീപികയോടുള്ള പ്രതികരണം അവസാനിപ്പിച്ചത്.