നിലന്പൂർ: നിലന്പൂർ - നായാടംപൊയിൽ മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു. മൈലാടി ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ ഉയരം കുറവെന്നും പരാതി. നിലന്പൂർ-നായാടംപൊയിൽ മലയോര ഹൈവേയുടെ നിർമാണം രണ്ട് റീച്ചുകളായാണ് നടക്കുന്നത്. ഇതിൽ മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള ഭാഗത്തെ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. മൈലാടി ഭാഗത്ത് ഹൈവേയുടെ ഭാഗമായി നിർമിക്കുന്ന സംരക്ഷണഭിത്തിക്ക് 40 സെന്റി മീറ്ററാണ് ഉയരം.
എസ്റ്റിമേറ്റ് തയാറാക്കുന്ന സമയത്ത് സംഭവിച്ച വീഴ്ചയാകും താഴ്ന്നുകിടക്കുന്ന ഈ ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ ഉയരം 40 സെന്റിമീറ്ററിൽ ഒതുക്കിയത്. 2018ലും 2019ലും ഉണ്ടായ പ്രളയ സമയത്ത് വെള്ളം കയറി വാഹന ഗതാഗതം ദിവസങ്ങളോളം തടസപ്പെട്ട ഭാഗമാണിത്.
നിലന്പൂർ-ചാലിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏക റോഡാണിത്. അതിനാൽ ഈ ഭാഗത്തെ സംരക്ഷണ ഭിത്തിക്ക് 100 സെന്റിമീറ്ററെങ്കിലും ഉയരം വേണമെന്നാണ് ആവശ്യം. ഏറനാട് മണ്ഡലത്തിന്റെ എംഎൽഎ എന്ന നിലയിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ ഇടപെടൽ അനിവാര്യമാണ്.
അധികം വരുന്ന നിർമാണ ചെലവ് കരാറുകാരന് നൽകാൻ നടപടിയുണ്ടായാൽ ഈ ഭാഗത്ത് ഹൈവേയുടെ സംരക്ഷണ ഭിത്തിയുടെ ഉയരം 100 സെന്റിമീറ്ററാക്കാൻ കഴിയും. 112 കോടി രൂപ ചെലവഴിച്ചാണ് ഹൈവേ നിർമാണം നടക്കുന്നത്. മൈലാടി - മുതൽ മൂലേപ്പാടം വരെയുള്ള ഭാഗത്തെ പ്രവൃത്തിക്ക്
46 കോടിയും മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള ഭാഗത്തെ നിർമാണത്തിന് 76 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. അതേസമയം മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള ഭാഗത്തെ നിർമാണം ഇഴഞ്ഞാണ് നീങ്ങുന്നത്.
മൈലാടി മുതൽ മൂലേപ്പാടം വരെയുള്ള ഭാഗത്തിന്റെ നിർമാണം മേയ് മാസത്തിൽ കരാർ പ്രകാരം തീരേണ്ടതായിരുന്നു. എന്നാൽ പ്രവൃത്തി പൂർത്തികരിക്കാൻ ഇനിയും സമയമെടുക്കും. മൂലേപ്പാടം മുതൽ നായാടംപൊയിൽ വരെയുള്ള ഭാഗത്തെ നിർമാണം 2027 മാർച്ച് 31ന് തീരേണ്ടതാണ്. നിലവിലെ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ 2029വരെയെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം.