മുംബൈ: എൻസിപി (അജിത് ) യിലെ ഭിന്നതയ്ക്കിടെ മൂന്നു ദിവസത്തിനിടെ രണ്ടാം തവണയും കോർ കമ്മിറ്റി യോഗം ചേർന്നു. ഇന്നലെ രാവിലെ ചേർന്ന യോഗത്തിന്റെ വിശദാംശങ്ങൾ നേതാക്കൾ വെളിപ്പെടുത്തിയില്ല. ഉപമുഖ്യമന്ത്രി സുനേത്ര പവാറും യോഗത്തിൽ പങ്കെടുത്തുവെന്ന് നേതാക്കൾ അറിയിച്ചു.
സുനേത്ര പവാറിനെയും മകൻ പാർഥിനെയും ഒഴിവാക്കി ഞായറാഴ്ച ഉന്നത എൻസിപി നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമുയർത്തിയിരുന്നു. അതേസമയം, സുനേത്രയെയും മക്കളെയും ഒഴിവാക്കിയിട്ടില്ലെന്നാണ് എൻസിപി നേതൃത്വം പറയുന്നത്. ശരദ് പവാർ പക്ഷവുമായുള്ള ലയനവാർത്തകളിൽ സത്യമില്ലെന്നും നേതാക്കൾ പറയുന്നു.
ചൊവ്വാഴ്ച രാത്രി എൻസിപി നിയമസഭാ കക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. സുനേത്രയുടെ ഔദ്യോഗിക വസതിയായ ദേവഗിരിയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരടക്കം അന്പതോളം എംഎൽഎമാർ പങ്കെടുത്തു. സുനേത്രയുടെ മക്കളായ പാർഥ്, ജയ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു. സുനേത്രയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ തീരുമാനിച്ചെന്ന് മുംബൈ എൻസിപി അധ്യക്ഷൻ സീഷൻ സിദ്ദിഖ് പറഞ്ഞു.
എൻസിപിയിലെ ശരദ് പവാർ, അജിത് വിഭാഗങ്ങളെ ലയിപ്പിച്ച് എൻഡിഎയുടെ ഭാഗമാക്കാനാണ് ബിജെപിയും നീക്കം. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയ്ക്കും പ്രഫുൽ പട്ടേലിനും കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.