തിരുവനന്തപുരം: ലഹരിക്കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കൂടുതൽ എൻടിപിഎസ് കോടതികൾ സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു.
തൃശൂർ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ കോടതികൾക്കു മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ കോടതികൾ വരും. ലഹരിക്കേസുകളിലെ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റപത്രം നൽകും. വാണിജ്യാടിസ്ഥാനത്തിലുള്ള ലഹരിക്കേസുകളിൽ പ്രതികൾ റിമാൻഡിലായിരിക്കേതന്നെ വിചാരണ നടത്തും.
സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിലാക്കും. ലഹരി, ഗുണ്ടാ കേസുകളിലെ 89 പ്രതികൾക്കെതിരേ അടുത്തിടെ കാപ്പ ചുമത്തി. ലഹരിക്കേസ് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഓപ്പറേഷൻ തൂഫാനിൽ 200 കോടിയിലേറെ രൂപ വിലയുള്ള ലഹരിയാണ് ഇതുവരെ പിടിച്ചെടുത്തത്. 60 കേസുകളിൽ ലഹരിയുടെ ഉറവിടം കണ്ടെത്തി.
പ്രാദേശിക വിതരണക്കാരിൽ മാത്രം അന്വേഷണം ഒതുക്കില്ല. ഇതരസംസ്ഥാന ലഹരി സിൻഡിക്കറ്റുകളെ തകർക്കും. ലഹരിമാഫിയയുടെ വേരറക്കുംവരെ വിട്ടുവീഴ്ചയുമുണ്ടാകില്ല. ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് ആരാധനാലയങ്ങളിലടക്കം ബോധവത്കരണം നടത്തുന്നുണ്ടെന്നും പാറയ്ക്കൽ അബ്ദുള്ളയുടെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി.
കേരളം കാത്തിരുന്ന വലിയ നീക്കമാണ് ഓപ്പറേഷൻ തൂഫാനെന്നും സമൂഹം ലഹരിയിൽ മുങ്ങിത്താഴാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു.