ദോഹ: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്റി സ്മോക്കിംഗ് സൊസൈറ്റി ലോക പുകയില വിരുദ്ധ ദിനത്തില്‍ സംഘടിപ്പിച്ച പ്രചാരണ റാലിയും ബോധവത്കരണ ചര്‍ച്ചയും ശ്രദ്ധേയമായി.
മീഡിയാപ്ലസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രചാരണ റാലിയും കൂട്ടായ ചര്‍ച്ചയും പുകയില ഉപയോഗത്തിനെതിരായ ശക്തമായ സാമൂഹിക ഇടപെടലിന്റെ ആവശ്യകത ഓര്‍മിപ്പിച്ചു. സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനും സംരംഭകനുമായ മുഹമ്മദ് നൗഷാദ് അബു പരിപാടി ഉദ്ഘാടനം ചെയ്തു.
പുകവലി ഒരു വ്യക്തിയുടെ ആരോഗ്യത്തെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിലനില്പിനെ പ്രതികൂലമായി ബാധിക്കുന്ന വലിയ സാമൂഹിക വിപത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുകവലി പൂര്‍ണമായും ഇല്ലാതാക്കാന്‍ സമൂഹം കൂട്ടായും ഏകോപിതമായും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതശൈലി കൈമാറാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ പ്രമുഖ നഴ്സിംഗ് സംഘടനയായ യുണീഖ് ജനറല്‍ സെക്രട്ടറി നിസാര്‍ ചെറുവത്ത്യും ഫിന്‍ഖ് മാനേജിംഗ് കമ്മിറ്റി അംഗവും നഴ്സിംഗ് എജുക്കേഷന്‍ ആക്ടിംഗ് ഡയറക്ടറുമായ ഷൈനി സന്തോഷും മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.
ലോക പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കണമെന്നും പുകയില ഉപയോഗം പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായതിനാല്‍ പുകയില രഹിത സമൂഹം സൃഷ്ടിക്കാന്‍ കൈകോര്‍ക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ് പുകവലിയുടെ സൗന്ദര്യപരവും ആരോഗ്യപരവുമായ ദോഷഫലങ്ങളെ കുറിച്ച് വിശദീകരിച്ചു.
പുകവലി ശരീരത്തിന്റെ ആഭ്യന്തര ആരോഗ്യത്തെ മാത്രമല്ല, ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും ദന്താരോഗ്യവും പ്രതികൂലമായി ബാധിക്കുന്നുവെന്നും പ്രായാധിക്യം വേഗത്തിലാക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ജെബി കെ. ജോണ്‍ പുകവലിയുടെ സാമൂഹിക ദോഷങ്ങളെക്കുറിച്ച് സംസാരിച്ചു. കുടുംബബന്ധങ്ങള്‍, വ്യക്തിജീവിതം, സാമൂഹിക ഐക്യം എന്നിവയെ പുകവലി എങ്ങനെ ബാധിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചിത്രകലാധ്യാപികയും ജിആര്‍സിസി പ്രസിഡന്റുമായ റോഷ്നി കൃഷ്ണനും പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. ഭാവി തലമുറയെ പുകയിലയുടെ പിടിയില്‍നിന്ന് സംരക്ഷിക്കാന്‍ അടിയന്തര ഇടപെടലുകള്‍ അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.
നാല് മിനിറ്റ് നേരത്തെ ലൈവ് പെയിന്റിംഗിലൂടെ ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ ലോഗോ മനോഹരമായി വരച്ച് അവര്‍ സദസിനെ വിസ്മയിപ്പിച്ചു
ദി വേ കോര്‍പ്പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന് പുകവലി വ്യക്തിജീവിതത്തെയും സമൂഹത്തെയും തകര്‍ക്കുന്ന വലിയ ദുരന്തമാണെന്ന് വിശേഷിപ്പിക്കുകയും അതിനെതിരേ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു.
വേള്‍ഡ് ഫ്രൂട്ട് സെന്ററിന്റെ കൊമേഴ്സ്യല്‍ മാനേജര്‍ നിഷാദ് കുന്നത്ത് കൊടക്കാട്ട് നടന് കമല്‍ഹാസന്റെ ജീവിതാനുഭവങ്ങളെ ഉദാഹരിച്ച് പുകവലി ഉപേക്ഷിക്കുന്നത് ജീവിതത്തിന്റെ ആകര്‍ഷണവും ഉന്മേഷവും നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.