കേരളത്തിലെ സ്വാശ്രയം, ഒട്ടോണമസ് കോളജുകൾക്ക് പുതിയ കോഴ്സുകൾ തുടങ്ങാൻ സർക്കാരിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ആവശ്യമില്ല എന്നുള്ള ഉത്തരവ് ഏറെ ശ്ലാഘനീയമാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങളുണ്ടാവട്ടെ എന്നുള്ള ഒരു ദീർഘവീക്ഷണത്തോടെ മന്ത്രി റോജി എം. ജോൺ നടത്തിയ നീക്കം പ്രശംസാർഹമാണ്. എന്നാൽ, പതിവുപോലെ അതേച്ചൊല്ലി വിവാദങ്ങളും ആരംഭിച്ചിരിക്കുന്നു. ഈ വിവാദങ്ങളുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കാൻ ഏറെ പ്രയാസമാണ്.
ഒരു കോളജിൽ പുതിയ കോഴ്സ് തുടങ്ങണമെന്നുണ്ടെങ്കിൽ ആദ്യമായി റെഗുലേറ്ററി അഥോറിറ്റി, അതായത്, എഐസിടിഇ, മെഡിക്കൽ കൗൺസിൽ അല്ലെങ്കിൽ ഫാർമസി കൗൺസിൽ എന്നിവയുടെ അംഗീകാരം ലഭിക്കണം. അതിനുശേഷം ഈ കോളജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്സിറ്റിയുടെ നിബന്ധനകൾ പാലിച്ച് പുതിയ കോഴ്സിന് അഫിലിയേഷൻ ഉറപ്പിക്കണം. ഇത്തരത്തിൽ അഫിലിയേഷൻ നൽകുന്നതിനു മുമ്പ് സർക്കാരിന്റെ എൻഒസി വാങ്ങി ലഭ്യമാക്കുന്ന പ്രക്രിയയാണ് ഇതുവരെ നടന്നുവന്നിരുന്നത്. ഇതിൽനിന്നുള്ള ഒരു മാറ്റമാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. അതായത്, സർക്കാരിന്റെ എൻഒസിയുടെ ആവശ്യമില്ല. അതുപോലെതന്നെ മൂന്നു വർഷത്തിലൊരിക്കൽ, കോളജുകൾ തുടർന്നു നടത്താനുള്ള അനുമതിയേ സർക്കാരിൽനിന്നു വാങ്ങേണ്ടതുള്ളൂ.
എൻഒസി കാലതാമസം
കഴിഞ്ഞ പത്തുവർഷമായുള്ള എൽഡിഎഫ് ഭരണത്തിലും അതിനു മുമ്പും സർക്കാരിൽനിന്ന് എൻഒസി വാങ്ങണം എന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ ലഭ്യമായ അറിവനുസരിച്ച് 10 വർഷമായി ഒരു കോളജിനും എൻഒസി നിഷേധിച്ചിട്ടില്ല. അതിനാൽ, സർക്കാരിൽനിന്നുള്ള എൻഒസി എന്നത് ഒരു നടപടിക്രമം മാത്രമാണന്നല്ലേ മനസിലാക്കേണ്ടത്. എന്നാൽ, അത് ലഭിക്കുന്നതിനുള്ള കാലതാമസം വളരെയധികമാണ്. പുതിയ ഒരു വ്യവസായം തുടങ്ങാനുള്ള നടപടിക്രമങ്ങളെല്ലാം ലഘൂകരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഈ എൻഒസി എന്നുള്ള കടമ്പ യാതൊരു കാരണവശാലും ആവശ്യമുള്ളതല്ല; ന്യായീകരിക്കാവുന്നതുമല്ല.
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ അപ്രൂവൽ പ്രോസസ് ഹാൻഡ് ബുക്ക് ഇപ്പോൾ മൂന്നു വർഷത്തേക്കാണ്. 2024 മുതൽ 2027 വരെയുള്ള കാലഘട്ടത്തിലേക്കുള്ള അപ്രൂവൽ പ്രോസസ് ഹാൻഡ് ബുക്കാണ് ഇപ്പോൾ നിലവിലുള്ളത്. ഇതുപ്രകാരം ഒരു ഇൻസ്റ്റിറ്റ്യൂഷൻ മൂന്നുവർഷത്തേക്ക് എക്സ്റ്റൻഷൻ ഓഫ് അപ്രൂവലിനുവേണ്ടി അപേക്ഷ സമർപ്പിക്കുകയും അതു അനുവദിക്കുകയും ചെയ്യുന്ന പതിവാണുള്ളത്. കൂടാതെ, അപ്രൂവൽ പ്രോസസ് ഹാൻഡ് ബുക്കിലെ താഴെ പറയുന്ന വാചകങ്ങൾ ശ്രദ്ധേയമാണ്.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിലും മൊത്ത എൻറോൾമെന്റ് അനുപാതം (ജിഇആർ) വർധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ സജീവമായ സംരംഭങ്ങളിലും വിഭാവനം ചെയ്തിരിക്കുന്നതുപോലെ, നിലവിലുള്ള സ്ഥാപനങ്ങൾ നേരത്തെ വാഗ്ദാനം ചെയ്തിരുന്ന കോഴ്സുകൾ / പ്രോഗ്രാമുകൾക്കായി അനുവദിച്ച പ്രവേശനത്തിന്റെ ഉയർന്ന പരിധി നീക്കം ചെയ്യാൻ കൗൺസിൽ നിർദേശിക്കുന്നു. അടിസ്ഥാന സൗകര്യ ലഭ്യത, അതിന്റെ സന്നദ്ധത, നികത്തപ്പെട്ട ഫാക്കൽറ്റി സ്ഥാനം എന്നിവയ്ക്ക് വിധേയമാണിത്.
കേരളം നേരിടുന്ന വലിയ പ്രശ്നം, ഏതൊരു സ്ഥാപനം തുടങ്ങുന്നതിനുമുള്ള പ്രയാസങ്ങളാണ്. പ്രത്യേകിച്ച്, ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെങ്കിൽ അതിന്റേതായ ഇൻഫ്രാസ്ട്രക്ചറെല്ലാം വളരെ നല്ല രീതിയിൽതന്നെ ഉണ്ടെങ്കിൽ മാത്രമേ വിദ്യാർഥികൾ ആ സ്ഥാപനത്തിൽ ചേർന്നു പഠിക്കുകയുള്ളൂ.
വിദ്യാർഥികളുടെ എണ്ണവും ഇളവും
കേരളത്തിൽ നല്ല സ്ഥാപനങ്ങൾ ഇല്ലാഞ്ഞിട്ടായിരിക്കണം വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമൊക്കെ അഡ്മിഷൻ തേടുന്നത്. കേരളത്തിലെ സ്വാശ്രയ കോളജുകൾ പ്രത്യേകിച്ച്, എൻജിനിയറിംഗ് കോളജുകൾ ഇന്ന് മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇപ്പോഴും വളരെ ചെറുതുതന്നെയാണ്. വിദ്യാർഥികളുടെ എണ്ണം മൂവായിരത്തിനടുത്തേ ഉള്ളൂ എന്നതിനാലാണിത്. കേരളത്തിന് പുറത്തുള്ള മിക്ക സ്ഥാപനങ്ങളിലും ഇപ്പോൾ പതിനായിരവും ഇരുപതിനായിരവുമൊക്കെ വിദ്യാർഥികളാണ് പഠിക്കുന്നത്. അതെല്ലാം ഡീംഡ് യൂണിവേഴ്സിറ്റികളും പ്രൈവറ്റ് യൂണിവേഴ്സിറ്റികളുമായി മാറിക്കഴിഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗുണനിലവാരം വർധിപ്പിക്കുന്നതിനും നൂതന കോഴ്സുകൾ ആരംഭിക്കുന്നതിനുമുള്ള ഒരു കാൽവയ്പായി ഈ ഇളവിനെ കാണാം. യൂണിവേഴ്സിറ്റികൾ അതിന് പ്രതിബന്ധമായി നിൽക്കുകയില്ലെന്നും ആശിക്കാം.
കച്ചവടച്ചരക്കെന്ന ചിത്രീകരണം
പുതിയ ഒരു ഉത്തരവ് വന്നപ്പോൾ വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കായി മാറ്റുന്നു എന്ന ആരോപണമാണ് ഉയർത്തുന്നത്. എന്നാൽ, ഇതിന്റെ വാസ്തവം എന്താണ്? കേരളത്തിലെ സ്വാശ്രയ കോളജുകൾ താരതമ്യേന വളരെ കുറഞ്ഞ ഫീസാണ് ഈടാക്കുന്നത്. ഇങ്ങനെ കുറഞ്ഞ ഫീസ് വാങ്ങുമ്പോൾ അധ്യാപകർക്ക് നൽകുന്ന ശമ്പളവും കുറവാണ്. ഇതിനെ എങ്ങനെയാണ് കച്ചവടമായി ചിത്രീകരിക്കുക എന്നു മനസിലാകുന്നില്ല. പല കോളജുകളും അഡ്മിഷൻ മുഴുവൻ ലഭിക്കാത്തതു കാരണം പിന്നെയും ഫീസ് കുറയ്ക്കുന്നു. അങ്ങനെ ഫീസ് കുറയ്ക്കുമ്പോൾ അധ്യാപകരുടെ ശമ്പളം വീണ്ടും കുറയുന്നു. അവിടെയുള്ള സൗകര്യങ്ങൾ കുറയുന്നു. അങ്ങനെ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുകയാണെങ്കിൽ അത് ഗുണനിലവാരത്തെ കാര്യമായി ബാധിക്കും. ഇതിനെല്ലാമുള്ള പ്രതിവിധിയെന്നത് ഫീ റെഗുലേറ്ററി കമ്മിഷൻ നിർത്തലാക്കുക എന്നതാണ്. സ്ഥാപനം നടത്തുന്ന ആളുകളും അധ്യാപകരും യൂണിവേഴ്സിറ്റിയും ചേർന്ന് കോളജുകളുടെ ഗുണനിലവാരം ഉയർത്തുകയും അതോടൊപ്പം കൂടുതൽ വിദ്യാർഥികളെ അവിടേക്ക് ആകർഷിക്കുന്നതിനായി നല്ല രീതിയിലുള്ള ടീച്ചിംഗ് ലേണിംഗ് പ്രോസസും റിസർച്ചും നടത്തുകയും ചെയ്യട്ടെ.
അക്കാദമിക് വഴക്കവും കോഴ്സ് നവീകരണവും വർധിപ്പിക്കുന്നതിനായി തമിഴ്നാട് നിലവിൽ ധാരാളം സർക്കാർ കോളജുകളിൽ സ്വയംഭരണ പദവി നൽകുകയാണ്. ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ യുജിസി നിയന്ത്രണങ്ങൾ പ്രകാരം കാര്യമായ അക്കാദമിക് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്ന ധാരാളം സ്വയംഭരണ കോളജുകൾ വളരെക്കാലമായി ഉണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020 ആവർത്തിച്ച് വാദിക്കുന്നത് “ലളിതവും എന്നാൽ കർശനവുമായ’’ നിയന്ത്രണം, സ്വയംഭരണം, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ, കുറഞ്ഞ ബ്യൂറോക്രാറ്റിക് നിയന്ത്രണം, നൂതനാശയ അധിഷ്ഠിത ഭരണം എന്നിവയ്ക്കായാണ്. സർക്കാർ, സർവകലാശാലകൾ, റെഗുലേറ്റർമാർ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ഫലങ്ങൾ നിരീക്ഷിക്കുകയും വേണം, പക്ഷേ അക്കാദമിക് തീരുമാനങ്ങളിൽ കൈകടത്തരുത്.
വിദേശ യൂണിവേഴ്സിറ്റികളിലെ ഗുണനിലവാരം
യുകെയിൽ, സർവകലാശാലകൾ സാധാരണയായി സർക്കാർ അനുമതിയില്ലാതെ പുതിയ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. ഗുണനിലവാര ഉറപ്പ് ഏജൻസികൾ മുൻകൂർ അനുമതിയേക്കാൾ മാനദണ്ഡങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. യുഎസ്എയിലെ സർവകലാശാലകൾ പ്രധാനമായും അവരുടെ സ്വന്തം പ്രോഗ്രാമുകൾ തീരുമാനിക്കുന്നു; അക്രഡിറ്റേഷൻ ബോഡികൾ ഗുണനിലവാരവും ഫലങ്ങളും നിരീക്ഷിക്കുന്നു. ഓസ്ട്രേലിയൻ സർവകലാശാലകൾ ദേശീയ ഗുണനിലവാര ഉറപ്പ് ചട്ടക്കൂടിനുള്ളിൽ അക്കാദമിക് സ്വയംഭരണാവകാശം ആസ്വദിക്കുന്നു. സിംഗപ്പൂരിലെ സ്വയംഭരണ സർവകലാശാലകൾക്ക് പുതിയ പ്രോഗ്രാമുകൾ ആരംഭിക്കാൻ ഗണ്യമായ സ്വാതന്ത്ര്യമുണ്ട്, പക്ഷേ കർശനമായ നിരീക്ഷണത്തിന് വിധേയമാണ്.
ഉന്നതവിദ്യാഭ്യാസ ഭരണത്തിന്റെ അനുമതി അടിസ്ഥാനമാക്കിയുള്ള മാതൃകയിൽനിന്ന് വിശ്വാസാധിഷ്ഠിതവും ഉത്തരവാദിത്വാധിഷ്ഠിതവുമായ മാതൃകയിലേക്കുള്ള മാറ്റത്തെ കേരളത്തിന്റെ തീരുമാനം പ്രതിനിധീകരിക്കുന്നു. യുജിസി ചട്ടങ്ങൾ, എൻഇപി 2020, ഉന്നതവിദ്യാഭ്യാസത്തിലെ അന്താരാഷ്ട്ര മികവ് എന്നിവയ്ക്ക് അനുസൃതമാണ് ഈ പരിഷ്കാരം. എന്നിരുന്നാലും, ഉത്തരവാദിത്വമില്ലാത്ത സ്വയംഭരണാവകാശം ഗുണനിലവാരം കുറയ്ക്കുന്നതിലേക്കു നയിച്ചേക്കാം. അതിനാൽ നയത്തിന്റെ വിജയം എൻഒസി ആവശ്യകത നീക്കം ചെയ്യുന്നതിനെയല്ല; അക്രഡിറ്റേഷൻ, സുതാര്യത, അക്കാദമിക് ഓഡിറ്റുകൾ, അതിനോടൊപ്പമുള്ള പൊതു ഉത്തരവാദിത്വ സംവിധാനങ്ങൾ എന്നിവയുടെ ശക്തിയെ ആശ്രയിച്ചിരിക്കും.
(കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി പ്രഥമ വൈസ് ചാൻസലറാണ് ലേഖകൻ)