തിരുവനന്തപുരം: നല്ല ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടെങ്കിലേ നന്നായി പഠിക്കാനും നേട്ടങ്ങള്‍ കൈവരിക്കാനും കഴിയുകയുള്ളൂവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്. സംസ്ഥാന സ്കൂള്‍ കായികമേളയുടെ സ്വര്‍ണക്കപ്പ് പര്യടന യാത്ര തിരുവനന്തപുരം പട്ടം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.
കുട്ടികളുടെ പഠനത്തിലും ജീവിതത്തിലും കായികക്ഷമത അത്യാവശ്യമാണ്. സ്കൂളുകളില്‍ കായിക പരിശീലനം ശക്തമാക്കുന്നതിന്റെ ഭാഗമായി കായിക അധ്യാപക തസ്തിക ഇനി മുതല്‍ 300 കുട്ടികളുള്ള സ്കൂളുകളിലും ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എല്ലാ സ്കൂളുകളിലും കായിക അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നതിനായി പ്രത്യേക പഠന കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കായികമേളകളില്‍ ഉത്തേജക മരുന്നുകളുടെ ഉപയോഗം, പ്രായത്തില്‍ തിരിമറി നടത്തല്‍ തുടങ്ങിയവ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.