ഉഴവൂര്‍: സ്വസ്ഥമായി അൽപനേരം നടക്കാം. യോഗയും വ്യായാമവും ചെയ്യാം. ഉഴവൂർ ടൗണിനു തൊട്ടടുത്തടുത്ത് റോഡരികത്ത് സനോജ് സ്റ്റീഫൻ സ്മാരക ട്രസ്റ്റ് നിർമിക്കുന്ന പാർക്ക് വേറിട്ടൊരു സങ്കൽപത്തിന്റെ സാക്ഷാൽകാരമാണ്.
പ്രവാസി മലയാളിയും സാമൂഹിക പ്രവർത്തകനുമായ ഇലവുങ്കൽ ഇ.എം. സ്റ്റീഫൻ നിർമിക്കുന്ന പാർക്ക് ഈ മാസം 18ന് തുറക്കും. മാങ്കനാൽ പാലത്തിനു സമീപം സ്ഥലം വാങ്ങി ലക്ഷങ്ങൾ മുടക്കി തയാറാക്കുന്ന പാർക്കിൽ രാവിലെയും വൈകിട്ടും നടക്കാനും വ്യായാമം ചെയ്യാനും സൗകര്യം ഉണ്ടായിരിക്കും.
പൊതുജനങ്ങൾക്കു പ്രവേശനം സൗജന്യം. അകാലത്തിൽ പൊലിഞ്ഞ മകൻ സനോജിന്റെ ഓർമകൾ നിലനിർത്തുന്നതിനാണ് സ്റ്റീഫൻ ജന്മദേശത്ത് ഇത്തരത്തിലൊരു സംരംഭത്തിനു തുടക്കം കുറിയ്ക്കുന്നത്.
40 സെന്റ് സ്ഥലത്തു നടപ്പുവഴിയും യോഗ, വ്യായാമ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. വഴിയുടെ വശങ്ങൾ പൂച്ചെടികൾ നട്ട് മനോഹരമാക്കി. യേശുക്രിസ്തു മുതൽ വയലാർ രാമവർമ വരെ 18 പേരുടെ അർധകായ പ്രതിമകൾ പാർക്കിലേക്കു ആളുകളെ സ്വാഗതം ചെയ്യുന്നു.