തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റിയതിന് പിന്നാലെ ഓഫീസ് ബോർഡുകളും ലെറ്റർ പാഡുകളും പുതിയതായി മാറ്റിസ്ഥാപിച്ച് പണം പാഴാക്കരുതെന്ന് നിർദേശിച്ച് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ പുറത്തിറക്കി. നിലവിലുള്ള സ്റ്റോക്കുകൾ തീരുന്നത് വരെ മഷി ഉപയോഗിച്ച് തിരുത്തി ഉപയോഗിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.
'കേരള' എന്ന് അച്ചടിച്ച ലെറ്റർഹെഡുകൾ, ഫയലുകൾ, ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ ഉപേക്ഷിക്കേണ്ടതില്ല. ഇവ തീരുന്നത് വരെ ഉപയോഗിക്കാം. ഇംഗ്ലീഷിൽ 'എം' എന്നും മലയാളത്തിൽ 'ം' എന്നും മഷികൊണ്ട് ചേർത്താൽ മതിയാകും. ഓഫീസ് നെയിം ബോർഡുകളോ സൂചനാ ബോർഡുകളോ പേരുമാറ്റത്തിന് വേണ്ടി മാത്രം മാറ്റേണ്ടതില്ല.
സാങ്കേതികമായി സാധ്യമായ ഇടങ്ങളിൽ അക്ഷരം കൂട്ടിച്ചേർക്കാം. റബ്ബർ സ്റ്റാമ്പുകളും മുദ്രകളും മാറ്റേണ്ട സാഹചര്യം വരുന്നത് വരെ തുടർന്നും ഉപയോഗിക്കാം. സർക്കാർ വെബ്സൈറ്റുകളിൽ സാമ്പത്തിക ബാധ്യതയില്ലാത്ത വിധം പേരുമാറ്റം വരുത്താനും സർക്കുലറിൽ വ്യക്തമാക്കുന്നു.