എടക്കര: കാഞ്ഞിരപ്പുഴ വനത്തിലെ ഇരൂള്‍കുന്ന് മേഖലയില്‍ നന്നങ്ങാടികള്‍ കണ്ടെത്തിയ സംവത്തില്‍ കോഴിക്കോട് പഴശിരാജ ആര്‍ക്കിയോളജി കോളജ് സംഘം പര്യവേഷണം തുടങ്ങി. വനത്തില്‍ പലയിടങ്ങളിലും നന്നങ്ങാടികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പൊട്ടാതെ പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഇരുമ്പ് യുഗത്തിലേതായിരിക്കാം നന്നങ്ങാടികള്‍ എന്നാണ് പ്രാഥമിക വിലയിരുത്തല്‍. നന്നങ്ങാടികള്‍ക്ക് 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് അനുമാനം.
ഗ്രാനൈറ്റ് പ്ലേറ്റുകള്‍ കൊണ്ടാണ് നന്നങ്ങാടികളുടെ മുകള്‍ ഭാഗം അടച്ചിട്ടുള്ളത്. വിശദമായ പഠനങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമേ കൃത്യമായ സ്ഥിരീകരണമുണ്ടാകൂ. മഹാശിലായുഗത്തില്‍ മൃതശരീരങ്ങള്‍ കഴുകുന്നതിനോ സംസ്കരിച്ച ശേഷം എല്ലുകള്‍ നിക്ഷേപിക്കാനോ ആയിരുന്നു ഇത്തരം നന്നങ്ങാടികള്‍ ഉപയോഗിച്ചിരുന്നത്.
മഴക്കുഴി നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് കഴിഞ്ഞ വെള്ളിയാഴ്ച നന്നങ്ങാടികള്‍ കണ്ടെത്തിയത്. കോഴിക്കോട് പഴശിരാജ കോളജിലെ ആര്‍ക്കിയോളജി വിഭാഗം എസ്കവേഷന്‍ അസിസ്റ്റന്റ് വിമല്‍ കുമാര്‍, റിസര്‍ച്ച് അസിസ്റ്റന്റുമാരായ ഡോ. പി.എന്‍. ആര്യ, ടി. ജീന, എം.സി. സജു എന്നിവരടങ്ങുന്ന സംഘമാണ് പര്യവേഷണം നടത്തുന്നത്. നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.പി. ജിനേഷ്, എസ്എഫ്ഒ രതീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മാനു, പി.പി. രതീഷ് എന്നിവര്‍ പര്യവേഷണത്തിന് നേതൃത്വം നല്‍കുന്നവരാണ്.