നൂറാം വയസിലും കൃഷി ചെയ്ത് മണ്ണില്‍ നൂറുമേനി വിളയിച്ചു പുതുതലമുറയ്ക്കും കാര്‍ഷിക കേരളത്തിനും മാതൃകയാകുകയാണ് ഉഴവൂര്‍ ഇടക്കോലി പന്തനാനിക്കല്‍ നാരായണന് നായര്‍.
ഓര്‍മവച്ച കാലം മുതല്‍ മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചു തുടങ്ങിയ നാരായണന് നായർ ജീവിതസായാഹ്നത്തിലും കൃഷിയെ നെഞ്ചോടു ചേര്‍ക്കുന്നു. നാലു വര്‍ഷം മുമ്പ് വീഴ്ചയില്‍ കാലുകള്‍ക്ക് ചെറിയ ബലക്ഷയം സംഭവിച്ചു. വാക്കറിന്റെ സഹായത്താല്‍ ഇപ്പോഴും കൃഷിപ്പണി തുടരുകയാണ്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന് കോച്ചേരില്‍ രാമന് നായര്‍ക്കൊപ്പം രാമപുരം കൊണ്ടാട് പാടത്തെ നെല്‍കൃഷിയില്‍ സഹായിച്ചാണ് നാരായണന് നായരുടെ കൃഷിയിലെ തുടക്കം. കാളപൂട്ടും വരന്പൊരുക്കലും വിത്തിടലും ഞാറുനടലും കളപറിക്കലും കൊയ്ത്തും മെതിയുമെല്ലാം ചെറുപ്പത്തിലേ പരിശീലിച്ചു.
ലക്ഷ്മിക്കുട്ടിയെ വിവാഹം ചെയ്താണ് ഇടക്കോലിയിലേക്ക് എത്തുന്നത്. ഇടക്കോലി വീട്ടില്‍ ആദ്യം റബര്‍കൃഷിയായിരുന്നു. പിന്നീട് ഇഞ്ചി, മഞ്ഞള്‍, കച്ചോലം, ചേന, ചേമ്പ്, കാച്ചില്, പയര്‍, പാവല്‍, കേവല്‍, വഴുതന, ചീനി തുടങ്ങിയ എല്ലാം കൃഷിചെയ്തുതുടങ്ങി.
ചക്കയും മാങ്ങയും കപ്പയും കപ്പളവും പേരയും ആവശ്യത്തിനു വീട്ടിലുംപറമ്പിലുമുണ്ടായിരുന്നു. വിവിധയിനത്തിലുള്ള വാഴകളുടെ കൃഷിയും തുടങ്ങി. ഉത്പന്നങ്ങള്‍ ഉഴവൂരിലും രാമപുരത്തുമുള്ള ചന്തകളിലായിരുന്നു വില്പന. കൃഷിക്ക് കൂട്ടായി ആടും കന്നുകാലികളും കോഴിയും താറാവുമൊക്കെയുണ്ടായിരുന്നു. പൂക്കളോടു പ്രത്യേക താത്പര്യമുണ്ട്. കിട്ടുന്ന ചെടികളെല്ലാം നട്ടുപരിപാലിക്കും. ഏഴു വര്‍ഷം മുമ്പാണ് ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയുടെ മരണം.
അഞ്ചു മക്കളില്‍ ഇളയവനായ ഹരിദാസിന്റെ വീട്ടിലാണ് താമസം കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഇടയ്ക്ക് ഹൃദയം ഒന്നു പണിമുടക്കിയെങ്കിലും അതിനെയും അധ്വാനത്തിലൂടെ അതിജീവിച്ചു.
ഇന്നും കൃഷിയിടത്തില്‍ മണ്ണൊരുക്കി തടമെടുക്കുന്നതും വിത്തു നടുന്നതും പരിപാലിക്കുന്നതുമെല്ലാം നാരായണന് നായര്‍തന്നെ. കൃഷിയിടത്തെല്ലാം കണ്ണെത്തും. കൃഷിക്ക് വെള്ളവും വളവും എത്തിക്കുന്നത് വാക്കറിലാണ്. വാക്കറിന്റെ ഇരുവശങ്ങളിലും ചാണകവും വളവും വെള്ളവുമൊക്കെ കെട്ടിത്തൂക്കിയാണ് കൃഷിയിടത്തിലെത്തുന്നത്. കൃഷിപ്പണിയില്‍ മാത്രമല്ല നാരായണന് നായരുടെ കരവിരുത്.
കുട്ടയും മുറവുമൊക്കെ നെയ്യും. ചിരട്ടയിലും തടിയിലും കരകൗശല ഉത്പന്നങ്ങള്‍ തീര്‍ക്കും. ഓലക്കുടയും തൊപ്പിയുമൊക്കെ മനോഹരമായി ഉണ്ടാക്കും.
സ്വന്തം പുരയിടത്തിലും പൊതുസ്ഥലത്തും നൂറുകണക്കിനു വൃക്ഷങ്ങള്‍ നട്ടു പരിപാലിക്കുന്നു. ഇടക്കോലി ക്ഷേത്രത്തിലെ നക്ഷത്ര വനം പദ്ധതിയിലും നാരായണന് നായരുടെ പങ്കുണ്ട്. ഇളയമകന് പരേതനായ ഹരിദാസിന്റെ ഭാര്യ ജയശ്രീ, വിശാഖ്, വീണ എന്നിവര്‍ എപ്പോഴും മുത്തച്ഛനൊപ്പമുണ്ട്. ഉഴവൂര്‍ പഞ്ചായത്ത് ഇന്നു സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തില്‍ നരായണന് നായരെ ആദരിക്കും.