മാനന്തവാടി: മാനന്തവാടി രൂപത നസ്രാണി ഫെസ്റ്റ് ഇന്നു വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെ ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ സമുദായ ശക്തീകരണ വര്‍ഷാഘോഷത്തിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് രൂപത സഹായമെത്രാനും സമുദായ ശക്തീകരണ വര്‍ഷാഘോഷ കമ്മിറ്റി ചെയര്‍മാനുമായ മാര്‍ അലക്സ് താരാമംഗംലം, വൈസ് ചെയര്മാന്മാരായ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, മേഴ്സി ബെന്നി അമരിക്കാട്ട്, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പുഞ്ചയില്‍ എന്നിവര്‍ അറിയിച്ചു.
രൂപതയിലെ 12 ഫൊറോനകളിലും നീലഗിരി റീജണില്നിന്നുമായി 600ഓളം കലാപ്രതിഭകള്‍ മേളയില്‍ മാറ്റുരയ്ക്കും. നീലഗിരി റീജണ്‍ അവതരിപ്പിക്കുന്ന സംഘഗാനത്തോടെയാണ് ഫെസ്റ്റ് തുടങ്ങുക.
കല്ലോടി ഫൊറോനയിലെ കലാകാരന്മാര് ഉദ്ഘാടന നൃത്തത്തിനു ചുവടുവയ്ക്കും. കത്തോലിക്കാസഭയിലെ വിശുദ്ധരുടെ ജീവിതവും ക്രൈസ്തവ പാരമ്പര്യവും വിളിച്ചോതുന്ന നൃത്താവിഷ്കാരങ്ങളുണ്ടാകും. നിലമ്പൂര്‍ ഫൊറോനയുടെ ‘വിശുദ്ധ തോമാശ്ലീഹാ'നൃത്തസംഗീതാവിഷ്കാരം, കല്‍പ്പറ്റ ഫൊറോനയുടെ ‘വിശുദ്ധ ഏവുപ്രാസ്യമ്മ' നൃത്തസംഗീതാവിഷ്കാരം എന്നിവ അരങ്ങേറും.
തരിയോട് ഫൊറോന വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും പയ്യമ്പള്ളി ഫൊറോന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും നൃത്തസംഗീതാവിഷ്കാരം നടത്തും. മുള്ളന്‍കൊല്ലി, നടവയല്‍, ബത്തേരി, ചുങ്കക്കുന്ന്, മാനന്തവാടി ഫൊറോനകള്‍ യഥാക്രമം പരമ്പരാഗത കലാരൂപങ്ങളായ പരിചമുട്ടുകളി, മാര്‍ഗംകളി, റമ്പാന്‍പാട്ട്, ബാന്‍ഡ്മേളം, നാടകം എന്നിവ അവതരിപ്പിക്കും.
ദ്വാരക ഫൊറോനയുടെ രൂപതാഗാനാലാപനത്തോടെ കലാവിരുന്ന് സമാപിക്കും. പരമ്പരാഗത നസ്രാണി ഭക്ഷണ വിഭവങ്ങളുടെ മേള ഫെസ്റ്റിന്റെ ഭാഗമാണ്. ബിഷപ്പുമാരും ഇരുന്നൂറിലധികം വൈദികരും വിവിധ സന്യാസ സമൂഹങ്ങളിലെ സുപ്പീരിയര്‍മാരും സമര്‍പ്പിതരും സാമൂഹ്യസാംസ്കാരികരാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഫെസ്റ്റില്‍ പങ്കെടുക്കും.