കോഴിക്കോട്: സംസ്ഥാനത്ത് പ്രകൃതിക്ഷോഭം മൂലം വിളനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള അടിയന്തരസഹായത്തിന്റെയും സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും കുടിശിക തുകകള്‍ വിതരണം ചെയ്യുന്നതിനായി 119.87 കോടി രൂപ വിനിയോഗിക്കാന്‍ കൃഷിവകുപ്പ് ഭരണാനുമതി നല്കി.
2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം രൂപവത്കരിച്ച കാര്‍ഷിക അഭിവൃദ്ധി ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് അടിയന്തര നഷ്ടപരിഹാരം നല്‍കുന്നതിനായി 76.68 കോടി രൂപയും സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള കുടിശിക വിതരണത്തിനായി 43.19 കോടി രൂപയുമാണ് വിതരണം ചെയ്യുക.
ഇരുപദ്ധതികളിലുമായി 133 കോടിയിലേറെ രൂപ കര്‍ഷകര്‍ക്കു വിതരണം ചെയ്യാനുണ്ടെന്നാണ് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കണക്കുകള്‍. വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ന്ന കര്‍ഷകര്‍ക്ക് 2025 മേയ് മുതല്‍ ലഭിക്കേണ്ട കുടിശിക തുക 43.22 കോടി രൂപയാണ്.
വിളനാശ നഷ്ടപരിഹാര ഇനത്തില്‍ കഴിഞ്ഞ മാസം വരെ കര്‍ഷകര്‍ക്കു ലഭിക്കാനുള്ള തുക 90.81 കോടിയും. തെങ്ങ്, വാഴ, റബര്‍, കുരുമുളക്, കമുക്, ഏലം, കശുമാവ്, കൈതച്ചക്ക, കാപ്പി, തുടങ്ങിയ വിളകള്‍ക്ക് ഇന്‍ഷ്വറസ് പദ്ധതി പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയുണ്ട്.