Movies
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമിച്ച് രത്തീനാ സംവിധാനം ചെയ്ത പാതിരാത്രി എന്ന ചിത്രം ഒടിടിയിലേക്ക്. സീ 5 മലയാളം ചാനലിൽ ഫെബ്രുവരി ഇരുപത്തിനാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.
തിയറ്ററുകളിൽ റിലീസ് ചെയ്ത സമയത്ത് മികച്ച നിരൂപക ശ്രദ്ധ നേടിയ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചുകൊണ്ടാണ് പ്രദർശിപ്പിച്ചത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ ചിത്രം നിർമിച്ചത്. ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.
മമ്മൂട്ടി നായകനായി എത്തിയ "പുഴു" എന്ന ചിത്രത്തിനുശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന പാതിരാത്രി പോലീസുകാരുടെ ജീവിതം വളരെ വ്യത്യസ്തമായും റിയലിസ്റ്റിക് ആയും അവതരിപ്പിച്ച ചിത്രം കൂടിയാണ്.
അഭിനേതാക്കളുടെ ഗംഭീര പ്രകടനംകൊണ്ടു കൂടിയാണ് ചിത്രം ശ്രദ്ധ നേടിയത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രം ഒരു പാതിരാത്രിയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു നീങ്ങുന്നത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം സണ്ണി വെയ്നും ആൻ അഗസ്റ്റിനും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.
ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ - ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി.സി. സ്റ്റണ്ട്സ്, സ്റ്റിൽസ് - നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി.ആർ. കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റജി - ലാലാ റിലേഷൻസ്.
Movies
നവ്യ നായരോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് വീണ്ടും തമാശകളിൽ നിറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. മുംബൈയിൽ വന്ന മെസിയെ കാണാൻ പോകുന്നുണ്ടോ അതോ നവ്യയ്ക്കൊപ്പമുള്ള പരിപാടിയാണോ വലുതെന്ന ചോദിച്ച കൂട്ടുകാരനോട് നവ്യയാണ് വലുതെന്ന് പറഞ്ഞെന്ന് ധ്യാൻ പറഞ്ഞതാണ് എല്ലാവരിലും ചിരിയുണർത്തിയത്.
ഫുട്ബോൾ താരം ലയണൽ മെസിയെ നേരിട്ടു കാണാനുള്ള അവസരം പോലും വേണ്ടെന്നു വച്ചത് നവ്യ നായര്‍ക്കു വേണ്ടിയായിരുന്നുവെന്ന് ധ്യാൻ പറയുകയുണ്ടായി. കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ധ്യാനും നവ്യയും.
കഴിഞ്ഞ ദിവസം മുംബൈയിൽ മെസി വന്നു പോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച് പറയുന്നത് ചിലപ്പോൾ കള്ളമായിട്ട് തോന്നും. പക്ഷേ സത്യമാണ്. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു.
അപ്പോൾ ഞാൻ പറഞ്ഞു, വരാൻ പറ്റില്ല കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയെക്കാൾ വലുതാണോ നിനക്ക് നവ്യ എന്ന് അവൻ ചോദിച്ചു. അതേ എന്ന് ഞാന്‍ പറഞ്ഞു. ഞാൻ ഈ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഒരു ഗോട്ട് നായികയുമായാണ്.
എന്റെ പഴയൊരു ഇന്റർവ്യു ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടയാണ് എന്റെ ഇന്റർവ്യു കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഒരുപാട് ആഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് ഞാന്‍ പറഞ്ഞിരുന്നു.
അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാൾ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ് എന്നായിരുന്നു ധ്യാന്‍ രസകരമായി പറഞ്ഞത്.
ധ്യാനിന്റെ വാക്കുകൾ കേട്ട് ചിരിയടക്കാൻ പാടുപെടുന്ന നവ്യയെ കാണാം. ധ്യാനും തന്റെ മകന് സായിയും ഏകദേശം ഒരു സ്വഭാവമുള്ളവരാണെന്നായിരുന്നു നവ്യയുടെ മറുപടി.
ധ്യാനെപ്പോലെ തന്നെ കളിയാക്കാൻ മകന് മിടുക്കനാണെന്നും സായിയുമൊത്തുള്ള തന്റെ വീഡിയോയിലും ധ്യാനിനെ ചേർത്തുള്ള കമന്റുകൾ വരാറുണ്ടായിരുന്നുവെന്നും നവ്യ പറഞ്ഞു.
ശ്രീനിവാസന്റെ ഒരു പഴയകാല അഭിമുഖം അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 15 വർഷത്തിലധികം പഴക്കമുള്ള ആ വിഡിയോയിൽ അന്നത്തെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്ന നവ്യ നായരോട് തനിക്ക് ക്രഷ് ഉണ്ടെന്ന് കുഞ്ഞു ധ്യാൻ പറഞ്ഞത് വൈറലായിരുന്നു.
Movies
ഓസ്ട്രേലിയയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മുല്ലപ്പൂ കൈവശം വച്ചതിന് പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് നവ്യ നായർ. ബാഗിൽ ഒളിപ്പിച്ചല്ല മുല്ലപ്പൂ തലയില്‍ വച്ചാണ് താൻ യാത്ര ചെയ്തതെന്നും വലിയ പിഴവാണ് ഉണ്ടായതെന്നും എച്ച്ടി സിറ്റി സിംഗപ്പൂരിനോട് സംസാരിക്കവെ നവ്യ വ്യക്തമാക്കി.
സംഭവത്തില്‍ പിഴ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവ്യ ഓസ്ട്രേലിയന്‍ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിന് മെയിൽ അയച്ചു.
‘‘ശരിക്കും ഞെട്ടിപ്പോയി. ഇതൊരു കാര്യമായ പിഴയാണ്. ബാഗിൽ ഒളിപ്പിച്ചു വച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. അവ എന്റെ തലയിലായിരുന്നു. എന്നാൽ, യാത്രയ്ക്കു മുമ്പ് അത് ഡിക്ലയർ ചെയ്യാൻ വിട്ടുപോയി. ചെടികളുടെ ഭാഗങ്ങളും പൂക്കളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു എന്ന് അവർ പറഞ്ഞു. യാത്രയുടെ തുടക്കത്തിൽ പൂക്കൾ എന്റെ ബാഗിൽ വച്ചിരുന്നതുകൊണ്ട് സ്നിഫർ ഡോഗ്സ് അത് മണത്തു.
പണമടയ്ക്കാൻ 28 ദിവസത്തെ സമയമുണ്ട്. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ഓസ്ട്രേലിയൻ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റിന് ഒരു മെയിൽ അയയ്ക്കാമെന്ന് അവർ എന്നോട് പറഞ്ഞു. അതുകൊണ്ട്, അന്ന് രാത്രി തന്നെ ഞാൻ അവർക്കൊരു മെയിൽ അയച്ചു. ഡിപ്പാര്‍ട്ട്മെന്റിൽ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്.
സാധാരണ 300 ഡോളറാണ് പിഴ ഈടാക്കുന്നതെന്ന് പല ലേഖനങ്ങളിലും വായിച്ചിട്ടുണ്ട്. എന്നാൽ, എന്നിൽ നിന്ന് 1980 ഓസ്ട്രേലിയൻ ഡോളറാണ് (1.14 ലക്ഷം രൂപ) ഈടാക്കിയത്. അതിൽ 6 യൂണിറ്റെന്ന് എഴുതിയത് എന്താണെന്ന് അറിയില്ല.
ഇതൊരു രാജ്യത്തിന്റെ നിയമമാണ്, എനിക്ക് അത് അനുസരിക്കണം. അല്ലാതെ മറ്റു വഴിയില്ല. ഞാൻ അവരോട് അഭ്യർഥിക്കുകയും അത് മനഃപൂർവമായിരുന്നില്ലെന്ന് പറയാൻ ശ്രമിക്കുകയും ചെയ്തു. മാനുഷിക പരിഗണനയിൽ അവർക്ക് ആ പൂക്കൾ എടുത്ത് അവിടെ വയ്ക്കാമായിരുന്നു.
എനിക്ക് മറ്റ് ലക്ഷ്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടു തന്നെ അവർക്കെന്നെ വിട്ടയയ്ക്കാമായിരുന്നു, പക്ഷേ അത് ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് എനിക്കതിൽ അഭിപ്രായം പറയാൻ കഴിയില്ല.’’നവ്യ നായരുടെ വാക്കുകൾ.
ഇതിന്റെ നടപടിക്രമങ്ങളിലൂടെ കടന്നുപോകാനും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനും തനിക്ക് കുറെയധികം സമയമെടുത്തുവെന്നും നവ്യ വെളിപ്പെടുത്തി. യാത്ര ചെയ്യുമ്പോൾ നമ്മൾ മറന്നു പോകുന്ന ഇത്തരം കാര്യങ്ങൾ തന്റെ അനുഭവത്തിൽ നിന്ന് പഠിക്കണമെന്നും താരം പറഞ്ഞു.
‘‘എനിക്കുണ്ടായ ഈ പ്രശ്നം നാട്ടിലും വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്, അതിനാൽ യാത്രയ്ക്കുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അവർ കൂടുതൽ ജാഗ്രത പുലർത്തും. ഈ നിയമങ്ങൾ തികച്ചും കർശനവും വളരെ കടുപ്പമുള്ളതുമാണ്. അതുകൊണ്ട് ഇത് അത്ര എളുപ്പമല്ല, ഡിക്ലറേഷൻ ഫോം എന്നത് യാത്രക്കാർക്ക് എളുപ്പത്തിൽ വിട്ടുപോയേക്കാവുന്ന ചെറിയൊരു ഫോം ആണ്.’’നവ്യ പറയുന്നു.