നെടുമ്പാശേരി: ഇറാൻ-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് തടസപ്പെട്ട വിമാന സർവീസുകൾ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ പുനരാരംഭിച്ചു തുടങ്ങി. ഇന്നലെ മസ്കറ്റ്, ഷാർജ, റിയാദ് എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾ നെടുമ്പാശേരിയിൽ എത്തുകയും ഇവിടെനിന്ന് യാത്രക്കാരുമായി മടങ്ങുകയും ചെയ്തു.
ഒമാൻ എയർവേസ്, എയർ അറേബ്യ, സൗദി എയർലൈൻസ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികളാണ് ഇന്നലെ സർവീസ് നടത്തിയത്.
മസ്കറ്റിൽനിന്നുള്ള ഒമാൻ എയർവേസിന്റെ വിമാനങ്ങൾ ഇന്നലെ രാവിലെ 7.37 നും ഉച്ചയ്ക്ക് 1.10നും നെടുമ്പാശേരിയിലെത്തി. വൈകുന്നേരം 6.13 ന് മസ്കറ്റിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസും 6.59 ന് ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനവും ഏഴിനു റിയാദിൽനിന്നുള്ള സൗദി എയർലൈൻസ് വിമാനവും നെടുമ്പാശേരിയിലെത്തി.
ഒമാൻ എയർവേസ് രാവിലെ 8.35 നും ഉച്ചയ്ക്ക് 2.05 നും യാത്രക്കാരുമായി മസ്കറ്റിലേക്കു മടങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് രാത്രി 7.55ന് മസ്കറ്റിലേക്കും എയർ അറേബ്യ വിമാനം എട്ടിനു ഷാർജയിലേക്കും സൗദി എയർലൈൻസ് 8.20 ന് റിയാദിലേക്കും സർവീസ് നടത്തി.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൻ നെടുമ്പാശേരിയിൽ 21 പുറപ്പെടലും 20 ആഗമനവും അടക്കം 41 രാജ്യാന്തര സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ദോഹ - 2, ഷാർജ - 3, അബുദാബി - 7, ജിദ്ദ - 1, കുവൈറ്റ് - 3, ബഹ്റൈൻ - 2, ദുബായ് - 2, ദമാം - 1 എന്നിവയാണ് റദ്ദാക്കിയ പുറപ്പെടൽ സർവീസുകൾ. റദ്ദാക്കിയ ആഗമന സർവീസുകൾ: ദോഹ - 2, ഷാർജ - 3, അബുദാബി - 6, ജിദ്ദ - 1, കുവൈറ്റ് - 2, ബഹ്റൈൻ - 2, ദുബായ് - 2, ദമാം - 1, മസ്ക്കറ്റ് - 1 എന്നിവയാണ്. ഇന്ന് വിവിധ വിമാന കമ്പനികൾ കൂടുതൽ സർവീസുകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.