നെടുങ്കണ്ടം: ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയമായ നെടുങ്കണ്ടത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് കായിക-യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ്. സ്റ്റേഡിയം സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
14 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ ഇനിയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് സേനാപതി വേണു എംഎൽഎയും പൊതുപ്രവർത്തകരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സ്റ്റേഡിയത്തിന് പവലിയൻ നിർമിക്കുക, വോളിബോൾ കോർട്ട് സജ്ജമാക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യമായി മന്ത്രിയുടെ മുന്നിൽ വച്ച നിർദേശങ്ങൾ.
ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
യൂത്ത് കോൺഗ്രസിന്റെ ജൻ ഇന്ത്യ മൂവ്മെന്റ് പദയാത്രയിൽ പങ്കെടുക്കാൻ നെടുങ്കണ്ടത്ത് എത്തിയ മന്ത്രിയെ സ്റ്റേഡിയം സന്ദർശിക്കാൻ എംഎൽഎയും നേതാക്കളും ക്ഷണിക്കുകയായിരുന്നു. ഇവരുടെ ക്ഷണം മന്ത്രി അനുഭാവപൂർവം സ്വീകരിക്കുകയും ചെയ്തു.