ഏറ്റുമാനൂർ: നിർമാണം പൂർത്തിയാക്കി അഞ്ചുവർഷം മാത്രം പിന്നിട്ട റെയിൽവേ മേല്പാലത്തിൽ നിറയെ കുഴികൾ. കുഴിയിൽ വീണും കുഴിയിലെ കമ്പിയിൽ തട്ടിയുമുള്ള അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞദിവസം കുഴിയിലെ കമ്പിയിൽ കുരുങ്ങിയ സ്കൂട്ടർ മറിഞ്ഞ് അപകടമുണ്ടായി.
ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽ റെയിൽവേ സ്റ്റേഷനു മുകളിലുള്ള പാലത്തിലാണ് കോൺക്രീറ്റ് ഇളകിമാറി അനേകം കുഴികൾ രൂപപ്പെട്ടത്. വലിയ കുഴികളിൽ കമ്പി തെളിഞ്ഞുകാണാവുന്ന നിലയിലാണ്.
ഈ കമ്പികളിൽ കയറി വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു. കഴിഞ്ഞദിവസം സ്കൂട്ടറിന്റെ ടയറിൽ കമ്പി തുളച്ചുകയറുകയും സ്കൂട്ടർ മറിയുകയും ചെയ്തു. തലനാരിഴയ്ക്കാണ് സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
പുതിയതായി നിർമിച്ച മേല്‍പാലമാണ് ആകെ തകർന്നിരിക്കുന്നത്. നിർമാണം പൂർത്തിയാക്കി അഞ്ചുവർഷം പിന്നിടുമ്പോഴേക്കും പാലത്തിൽ നിറയെ കുഴികളായി. അറ്റകുറ്റപ്പണികൾ വൈകുന്നതോടെ കുഴികളുടെ വിസ്തൃതി വർധിക്കുകയും കൂടുതൽ കുഴികൾ രൂപപ്പെടുകയുമാണ്. മാധ്യമങ്ങളിൽ പലതവണ വാർത്ത വന്നിട്ടും പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറാകുന്നില്ല.