രാജ്യം കണ്ട മികച്ച പാര്ലമെന്റേറിയന്മാരില് ഒരാളെയാണ് ഞാന്‍ ഉണ്ണിയേട്ടന് എന്നു വിളിക്കുന്ന കെ.പി. ഉണ്ണിക്കൃഷ്ണന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്. എന്നും നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ വക്താവും അനുയായിയും ആയിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ ഒന്നിച്ചും എതിരാളികളായും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും കക്ഷിരാഷ്ട്രീയത്തിനുമപ്പുറമുള്ള ആത്മബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളജിലായിരുന്നു അദ്ദേഹം പഠിച്ചത്. പഠിച്ചിറങ്ങുന്നവരെ ‘ജെന്റില്മാന് ഫ്രം മദ്രാസ് ക്രിസ്ത്യന്‍ കോളജ്’ എന്നായിരുന്നു വിളിച്ചുപോന്നത്. ഉണ്ണിയേട്ടനെ സംബന്ധിച്ചിടത്തോളം ആ വിശേഷണം അര്‍ഥപൂര്‍ണമായിരുന്നു. വടകരയില്‍ ലോക്സഭയിലേക്ക് ഞങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്നുള്ള ജെന്റില്മാനെയാണ് കണ്ടത്.
പത്രപ്രവര്ത്തകന് എന്ന നിലയിലും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് എന്ന നിലയിലും കെ.പി. ഉണ്ണികൃഷ്ണനെ അറിയാമായിരുന്നു. അദ്ദേഹവുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്നത് 1971ലെ ലോക്സഭാ തെരഞ്ഞെടുപ്പുവേളയിലാണ്. വടകരയില്‍ ലീലാ ദാമോദര മേനോനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കെപിസിസി തീരുമാനം. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും വടകരയില്‍ ലീലാ ദാമോദര മേനോന് തന്നെയായിരിക്കും എന്നുറപ്പായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഞങ്ങള്‍ ചുമരെഴുത്തുള്പ്പടെയുള്ള പ്രചാരണവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ആരാധ്യയായ ഇന്ദിര ഗാന്ധി വടകരയിലെ സ്ഥാനാര്‍ഥിയായി കെ.പി. ഉണ്ണിക്കൃഷ്ണനെ നിയോഗിക്കുന്നത്. ചിലര്‍ക്ക് ഇതില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടെ തീരുമാനമാണ് അന്നും ഇന്നും എന്നും എന്റെയും തീരുമാനം.
വടകരയില്‍ സ്ഥാനാര്‍ഥിയായി എത്തിയ ഉണ്ണിയേട്ടനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഞാനും സജീവമായിരുന്നു. ആ ബന്ധം പിന്നീട് വളര്‍ന്നു. നല്ല വായനക്കാരന്കൂടിയായിരുന്ന അദ്ദേഹത്തിന് വിപുലമായ പുസ്തകശേഖരവും ഉണ്ടായിരുന്നു. കോഴിക്കോട് പന്നിയങ്കരയിലെ വീട്ടില്‍ അദ്ദേഹമുണ്ടാകുമ്പോള് വിളിക്കും. ഞാനും എ. സുജനപാലും സി.എച്ച്. ഹരിദാസും വി. രാജഗോപാലുമടങ്ങുന്ന സംഘവുമായി അദ്ദേഹം മണിക്കൂറുകളോളം സംസാരിക്കും. രാഷ്ട്രീയവും സാഹിത്യവും സമകാലിക സംഭവങ്ങളുമെല്ലാം ചര്‍ച്ചയാകും. എല്ലാ കാര്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവും വിശാലമായ കാഴ്ചപ്പാടുകളുമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്.
അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് വിട്ട കെ.പി. ഉണ്ണികൃഷ്ണന് കോണ്‍ഗ്രസ് (യു)വിലായി. തുടര്‍ന്ന് 1980ല്‍ വന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ വടകരയില്‍ത്തന്നെ മത്സരിക്കാനിറങ്ങി. അന്ന് ഞാന്‍ യൂത്ത് കോണ്‍ഗ്രസ് (ഐ)സംസ്ഥാന പ്രസിഡന്റാണ്. വടകരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കെപിസിസി ചില പേരുകള്‍ എഐസിസിക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും ഇതൊന്നും ഇന്ദിരാഗാന്ധിക്ക് തൃപ്തികരമല്ലായിരുന്നു. താന്‍ വളര്‍ത്തിക്കൊണ്ടു വരികയും പിന്നീട് പാര്‍ട്ടി വിടുകയും ചെയ്ത കെ.പി. ഉണ്ണിക്കൃഷ്ണനെ തെരഞ്ഞെടുപ്പില്‍ തളയ്ക്കാന്‍ കഴിയുന്ന ഒരാള്‍ വേണമെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ തീരുമാനം. ഒടുവില്‍ ഇന്ദിരാഗാന്ധിതന്നെ വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചു.
വടകരക്കാരന് കൂടിയായ എന്റെ പേരായിരുന്നു ഇന്ദിരാ ഗാന്ധി കെപിസിസിയോട് നിര്‍ദേശിച്ചത്. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ഈ തെരഞ്ഞെടുപ്പില്‍ നേരത്തേ പാര്‍ട്ടിയിലുണ്ടായിരുന്ന പലരും മറുപക്ഷത്തായിട്ടും കനത്ത മത്സരമായിരുന്നു വടകരയില്‍ നടന്നത്. എനിക്ക് വോട്ടഭ്യര്‍ഥിക്കാനായി ഇന്ദിരാഗാന്ധി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ഉണ്ണികൃഷ്ണന് വിജയിച്ചെങ്കിലും ദേശീയതലത്തില്‍ ശ്രദ്ധേയമായ മണ്ഡലമായിരുന്നു വടകര.
രണ്ടു പക്ഷത്താണെങ്കിലും ഞാനും ഉണ്ണിയേട്ടനും 1984 മുതല്‍ ലോക്സഭയില്‍ ദീര്‍ഘകാലം സഹപ്രവര്‍ത്തകരായിരുന്നു. 1984ല്‍ അദ്ദേഹം വടകരയില്‍നിന്നും ഞാന്‍ കണ്ണൂരില്‍നിന്നുമാണ് പാര്‍ലമെന്റിലെത്തിയത്. കന്നിക്കാരനായ എന്നെ ഏറെ സ്നേഹത്തോടുകൂടിയാണ് മറുപക്ഷത്തായിരുന്ന അദ്ദേഹം സ്വീകരിച്ചത്. സഭയില്‍ അദ്ദേഹം പ്രസംഗിക്കാന്‍ എഴുന്നേറ്റു നില്ക്കുമ്പോള്ത്തന്നെ എല്ലാവരും നിശബ്ദരാകും. ലളിതവും ശക്തവുമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ.
പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ ആശങ്കകള്‍ ഒരിക്കല്‍കൂടി കെ.പി. ഉണ്ണികൃഷ്ണന്റെ പേര് പ്രസക്തമാക്കുന്ന കാലം കൂടിയാണ്. കെ.പി. ഉണ്ണിക്കൃഷ്ണന് വി.പി. സിംഗ് മന്ത്രിസഭയില്‍ ടെലികോം, ഷിപ്പിംഗ്, ഉപരിതല ഗതാഗത മന്ത്രിയായിരിക്കെയാണ് 1990ല്‍ കുവൈറ്റില്‍ ഇറാക്ക് അധിനിവേശവും യുദ്ധവും നടക്കുന്നത്.
കുവൈറ്റില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ വിദേശകാര്യ മന്ത്രി ഐ.കെ. ഗുജ്റാളിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഇതോടെ ഈ ഉത്തരവാദിത്വം വി.പി. സിംഗ് കെ.പി. ഉണ്ണികൃഷ്ണന് നല്കി. ഒന്നര ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളെയാണ് അദ്ദഹം തന്റെ ശ്രമകരമായ ഇടപെടലിലൂടെ സുരക്ഷിതരായി നാട്ടിലെത്തിച്ചത്. 1994 അവസാനത്തോടെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ കെ.പി. ഉണ്ണികൃഷ്ണന് 1995ലെ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍ഡിഎഫിലെ ഒ. ഭരതനോടു പരാജയപ്പെട്ടു. പിന്നീട് സജീവ രാഷ്ട്രീയത്തില്‍നിന്ന് മാറി ഡല്‍ഹിയില്‍ വായനയും എഴുത്തുമായി കഴിയുകയായിരുന്നു.
പിന്നീട് കോഴിക്കോട് പന്നിയങ്കരയിലെ തറവാട്ടുവീട്ടിലേക്ക് താമസം മാറി. കോഴിക്കോട്ടേക്ക് താമസം മാറുമ്പോള്‍ അദ്ദേഹത്തിന്റെ പുസ്തകശേഖരം ട്രക്കിലായിരുന്നു കോഴിക്കോട്ടെത്തിച്ചത്. അത്രയും വിശാലമായ വായനയുടെ ലോകമായിരുന്നു അദ്ദഹത്തിന്റേത്.
സോഷ്യലിസ്റ്റ് നേതാക്കളില്‍ ചിലരുടെ അന്ധമായ നെഹ്റുവിരോധം സഹിക്കാനാവാതെയാണ് താന്‍ ഇന്ദിരാഗാന്ധി നേതൃത്വം നല്കിയ കോണ്‍ഗ്രസിലെത്തിയതെന്ന് അദ്ദേഹം പറയുമായിരുന്നു. കറകളഞ്ഞ സോഷ്യലിസ്റ്റും വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരേ എന്നും പോരാട്ടം നടത്തിയ ശക്തനായ മതേതരവാദിയുമായിരുന്നു അദ്ദേഹം. എനിക്ക് ജ്യേഷ്ഠസഹോദരന് തുല്യമായ ഉണ്ണിയേട്ടന്റെ ദീപ്തമായ സ്മരണയ്ക്കു മുന്നില്‍ പ്രണാമം.