മുംബൈ: കടബാധ്യത തീർക്കാൻ വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ അയൽവാസി പിടിയിലായി. തുർഭെ സ്വദേശി മൊബിൻ നൂർ മുഹമ്മദ് ഖുറേഷി (38) യാണ് അയൽവാസിയായ അസ്രുന്നിസ അബ്ദുൽ വഹീദ് ഖാനി (66) നെ കൊലപ്പെടുത്തിയത്.
ഏഴ് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു മൊബിന്. അസ്രുന്നിസ സ്ഥിരമായി സ്വർണാഭരണങ്ങൾ ധരിച്ചിരുന്നത് കണ്ട പ്രതി, ഇവരെ കൊള്ളയടിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് മൊബിൻ അസ്രുന്നിസയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.
വീട്ടിലെത്തിയ ഉടൻ തന്നെ ഇയാൾ സ്വർണാഭരണങ്ങൾ കവരാൻ ശ്രമിച്ചു. അസ്രുന്നിസ ബഹളം വച്ചതോടെ കഴുത്തിൽ കിടന്ന ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് മൃതദേഹം ഒരു ചാക്കിലാക്കി കട്ടിലിനടിയിൽ ഒളിപ്പിച്ചു. വീട്ടുകാർ ഉറക്കത്തിലായ സമയം നോക്കി മൃതദേഹം വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൊബിൻ പിടിയിലാകുന്നത്. കവർച്ച ചെയ്ത സ്വർണം സമീപത്തെ സ്വർണകടയിൽ വിറ്റതായി ഇയാൾ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.