കോതമംഗലം: കനത്തമഴയില്‍ നെല്ലിക്കുഴി ടൗണില്‍ ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ട് ഗതാഗത തടസം സൃഷ്ടിച്ചു.
കോതമംഗലം- പെരുമ്പാവൂര്‍ റോഡിൽ നെല്ലിക്കുഴിയില്‍ ഇന്നലെ വൈകിട്ട് പെയ്ത മഴയിലാണ് റോഡ് തോടായത്. റോഡിന് ഇരുവശത്തെയും ഓടകള്‍ മാലിന്യം നിറഞ്ഞ് അടഞ്ഞതാണ് കാരണമെന്ന് പറയുന്നു.
വെള്ളക്കെട്ടിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോഴുണ്ടാകുന്ന ഓളത്തില്‍ നിരവധി ഇരുചക്രവാഹനങ്ങള്‍ ഓട്ടം നിലച്ച് വെള്ളത്തിലായി. കോടികള്‍ മുടക്കി വീതികൂട്ടി നവീകരിച്ച ഓടയില്‍ മാലിന്യം കെട്ടിക്കിടന്നാണ് ഒഴുക്ക് തടസപ്പെട്ടത്. ടൗണില്‍ 200 മീറ്ററോളം ഭാഗത്ത് പെയ്ത്ത് വെള്ളം മുഴുവന്‍ റോഡിലായതോടെ ഒന്നര മണിക്കൂറോളം ടൗണിലൂടെയുള്ള ഗതാഗതത്തെ സാരമായി ബാധിച്ചു.
മഴ മാറി കുറെ നേരം പിന്നിട്ടാണ് വെള്ളം ഇറങ്ങി പൂര്‍വസ്ഥിതിയിലായത്. കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിലും കഴിഞ്ഞ ദിവസം സമാന രീതിയിൽ വെള്ളക്കെട്ട് ഉണ്ടായി.
കൊച്ചിയിലും വെള്ളക്കെട്ട്
കൊച്ചി: തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളക്കെട്ടിലായി. ഇതേതുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ഇന്നലെ വൈകിട്ട് 5.30 ഓടെ ആരംഭിച്ച മഴ രാത്രി എട്ട് വരെ നീണ്ടു നിന്നു. എംജി റോഡ്, കലൂര്‍, കെഎസ്ആര്‍ടിസി, കടവന്ത്ര, പനമ്പിള്ളി നഗര്‍, കലാഭവൻ റോഡ്, മേനക, ചിറ്റൂർ റോഡ് തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടറോഡുകളിലും വെള്ളം നിറഞ്ഞു. കനത്ത മഴയും വെള്ളക്കെട്ടും മൂലം വന്‍ ഗതാഗതക്കുരുക്കാണ് നഗരത്തില്‍ രൂപപ്പെട്ടത്. എറണാകുളം നോര്‍ത്തിലും കലൂര്‍, പാലാരിവട്ടം, എംജി റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.
ഫോർട്ടുകൊച്ചി: അപ്രതീക്ഷിത മഴയിൽ പശ്ചിമകൊച്ചിയും വെള്ളക്കെട്ടിലായി. റോഡുകളിലെ വെള്ളക്കെട്ടിൽ മാലിന്യങ്ങൾ ഒഴുകി നടന്നത് കാൽ നടയാത്രക്കാരെയും ദുരിതത്തിലാഴ്ത്തി. വെള്ളക്കെട്ടിലകപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരും വലഞ്ഞു.
മട്ടാഞ്ചേരി, ചക്കാമാടം, വെളി, പട്ടാളം, കൂവപ്പാടം, ചുള്ളിക്കൽ, സ്റ്റാച്യൂ റോഡ്, കേമ്പേരി, തോപ്പുംപടി, വാല്ലൂമേൽ തുടങ്ങി ഒട്ടേറെ മേഖലകൾ വെള്ളത്തിലായി.