കാളികാവ്: ചോക്കാട് ഗ്രാമപഞ്ചായത്തിലെ നെല്ലിയാംപാടം ആദിവാസി ഉന്നതിയിലെ കുടിവെള്ള പദ്ധതി കിണർ ആസ്തി രജിസ്റ്ററിൽ ചേർക്കാത്തതിനെതിരേ വാർഡ് അംഗം കെ.ടി. മജീദിന്റെ നേതൃത്വത്തിൽ ആദിവാസികൾ മുഖ്യമന്ത്രിയെ സമീപിച്ചു.
രണ്ട് പതിറ്റാണ്ട് മുന്പേ സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ കുടിവെള്ള പദ്ധതിയോടുള്ള അവഗണന ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പദ്ധതി പൈപ്പ് ലൈനുകൾ തകരാറിലായത് പരിഹരിക്കാൻ ഫണ്ട് നീക്കിവച്ചത് ലാപ്സാകാൻ സാധ്യതയുണ്ടെന്നും അതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. പല തവണ തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് വിനിയോഗിച്ച ആദിവാസി ഉന്നതിയിലെ കിണർ പ്രശ്നത്തിനാണ് പരിഹാരം വൈകുന്നത്.
നെല്ലിയാംപാടം പ്രദേശത്തെ ആദിവാസികൾ വാർഡ് മുൻ അംഗം കെ.ടി. സലീനയുടെ നേതൃത്വത്തിൽ നേരത്തേ ചോക്കാട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. രേഖകൾ ഹാജരാക്കിയാൽ രജിസ്റ്ററിൽ ചേർക്കാമെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതർ.
കുടിവെള്ള പദ്ധതി നവീകരണത്തിന് ഗ്രാമപഞ്ചായത്ത് രണ്ടര ലക്ഷം വകയിരുത്തിയിട്ടുണ്ടെങ്കിലും സാങ്കേതികപ്രശ്നം കാരണം ഫണ്ട് ലാപ്സാകുമെന്ന അവസ്ഥയാണ്. കുടിവെള്ള പദ്ധതിയുടെ കിണർ ആസ്തി രജിസ്റ്ററിൽനിന്ന് അപ്രത്യക്ഷമായത് അധികൃതരുടെ പിടിപ്പുകേട് മൂലമാണെന്ന് പദ്ധതിയുടെ ഗുണഭോക്താക്കൾ പറഞ്ഞു.
കുടിവെള്ള പദ്ധതി പൈപ്പ് ലൈനുകളെല്ലാം തകരാറിലായിട്ടുണ്ട്. തകരാർ പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് ഫണ്ട് വകയിരുത്തിയ ഘട്ടത്തിലാണ് ആസ്തി രജിസ്റ്ററിൽനിന്ന് കിണർ അപ്രത്യക്ഷമായ വിവരം അറിയുന്നത്. കുടിവെള്ളത്തിനായി മറ്റു മാർഗങ്ങളില്ലാതെ പ്രയാസപ്പെടുകയാണ് നെല്ലിയാംപാടത്തുകാർ. ഈ സാഹചര്യത്തിലാണ് സാങ്കേതികപ്രശ്നം വിലങ്ങുതടിയായിരിക്കുന്നത്.