ഹരിപ്പാട്: കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കൽ ശ്രീമന്ദിരത്തിൽ പ്രദീപ് (58) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ വലിയഴീക്കൽ സ്കൂളിന് കിഴക്കുഭാഗത്തായിരുന്നു അപകടം. കൊച്ചുവള്ളത്തിൽ വല നീട്ടിക്കൊണ്ടിരിക്കെ അതുവഴി കടന്നുപോയ 'കണ്ടശ്ശേരി' എന്ന ലൈലന്റ് വള്ളത്തിന്റെ പ്രൊപ്പല്ലറിൽ വല കുരുങ്ങുകയായിരുന്നു. വല പ്രദീപിന്റെ കൈയിൽ ബന്ധിച്ചിരുന്നതിനാൽ വള്ളവും പ്രദീപും മറ്റേ വള്ളത്തിനൊപ്പം വലിച്ചിഴയ്ക്കപ്പെട്ടു.
കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം കൊച്ചുവള്ളം പൂർണമായും തകർന്ന് മറിയുകയും പ്രദീപ് കായലിൽ മുങ്ങിപ്പോവുകയുമായിരുന്നു. അപകടം കണ്ടയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ പ്രദീപിനെ കരയ്ക്കെത്തിച്ച് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.