പ്രമാടം: നേതാജി ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓസോൺ ദിനാചരണം നടത്തി. അന്തരീക്ഷ മലിനീകരണത്തിനെതിരെയും ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക ബോധവൽക്കരണ യോഗം ചേർന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് അന്തരീക്ഷ ഊഷ്മാവ് വർധിപ്പിക്കുന്നതിനും ഓസോൺ പാളിക്ക് തകരാറുണ്ടാക്കുന്നതിനും ഇടയാക്കുമെന്ന് കുട്ടികൾ വിശദീകരിച്ചു. സ്കൂൾ പരിസരത്തുള്ള വീടുകൾ സന്ദർശിച്ച വിദ്യാർഥികൾ നാട്ടുകാരുമായി നേരിട്ട് സംവദിച്ചു.
പ്ലാസ്റ്റിക് വസ്തുക്കൾ വീടുകൾക്ക് സമീപം കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കണമെന്നും, ഇത് ഗുരുതരമായ ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾക്കു കാരണമാകുമെന്ന സന്ദേശം നാട്ടുകാർക്കിടയിലും കുട്ടികൾ പ്രചരിപ്പിച്ചു.