നിലമ്പൂർ: നിലമ്പൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുതിയ കെഎസ്ആർടിസി സെമി സ്ലീപ്പർ സൂപ്പർ ഡീലക്സ് ബസ് സർവീസ് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 10ന് നിലമ്പൂർ ഡിപ്പോയിൽനിന്ന് ആരംഭിച്ച് നാടുകാണി, ഗുണ്ടൽപേട്ട്, മൈസൂരു വഴി വൈകുന്നേരം അഞ്ചിന് ബംഗളൂരുവിലെത്തും, രാത്രി 10-ന് ബംഗളൂരുവിൽനിന്ന് ആരംഭിച്ച് രാവിലെ അഞ്ചിന് നിലമ്പൂരിൽ തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ്.
ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ ഇടപെടലിൽ രാത്രിയാത്രാ നിരോധനമുള്ള ബന്ദിപ്പുർ വനത്തിലൂടെ കടന്നുപോകാനുള്ള പ്രത്യേക പാസും ഈ സർവീസിന് ലഭിച്ചിട്ടുണ്ട്. നിലവിൽ രാത്രി 10-ന് നിലമ്പൂരിൽനിന്ന് ബംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി സ്ലീപ്പർ ഡീലക്സ് ബസ് സർവീസിന്റെ സമയം ഉച്ചയ്ക്ക് ഒന്നിലേക്ക് പുനഃക്രമീകരിച്ചു. ഈ ബസ് രാത്രി എട്ടിന് ബംഗളൂരുവിലെത്തും. രാത്രി 11.45-ന് ബംഗളൂരുവിൽനിന്ന് ആരംഭിച്ച് പിറ്റേദിവസം രാവിലെ 8.30-ന് നിലമ്പൂരിലെത്തും.
ചടങ്ങിൽ നിലമ്പൂർ എടിഒ എ. എമേഴ്സൺ അധ്യക്ഷത വഹിച്ചു. മുൻ കെഎസ്ആർടിസി ബോർഡ് അംഗം വി.എ. കരീം, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ മുംതാസ് ബാബു, കൗൺസിലർ കെ. കിഷോർകുമാർ, പാലോളി മെഹബൂബ്, ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.ടി. കുഞ്ഞാൻ, എം.കെ. ബാലകൃഷ്ണൻ, സൂപ്രണ്ട് ആദംസാലി, വിൻസെന്റ് എ. ഗോൺസാഗ, ഇ.ടി. ഗംഗാധരൻ, കൺട്രോളിംഗ് ഇൻസ്പെക്ടർ പി. ഷാജി എന്നിവർ പ്രസംഗിച്ചു.