മടിക്കൈ: ദുരിതജീവിതം നയിച്ചിരുന്ന വയോധിക ദമ്പതികൾക്ക് മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിന്റെ സ്നേഹത്തണൽ. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള വാടകക്കെട്ടിടത്തിൽ കഴിഞ്ഞിരുന്ന ജോൺ-സെലിന ദമ്പതികളെയാണ് ന്യൂ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ഏറ്റെടുത്ത് പുനരധിവാസകേന്ദ്രത്തിലേക്കു മാറ്റിയത്.
മക്കളോ ഉറ്റ ബന്ധുക്കളോ ഇല്ലാത്ത ദമ്പതികൾ പ്രായാധിക്യത്തിന്റെ അവശതകളിൽ പരസ്പരം താങ്ങായി നിൽക്കേണ്ട അവസ്ഥയിലായിരുന്നു. വൈദ്യുതി വെളിച്ചം പോലുമില്ലാത്ത വീട്ടിൽ ഭക്ഷണത്തിനുപോലും മതിയായ സൗകര്യമില്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്. രാവിലെയും രാത്രിയും ഓരോ ഗ്ലാസ് കട്ടൻകാപ്പിയും ഉച്ചയ്ക്ക് ഒരുപിടി ചോറും മാത്രമായിരുന്നു ഇവരുടെ ഭക്ഷണം. അവശതകളും ദുരിതങ്ങളും നിറഞ്ഞ ഇവരുടെ ജീവിതത്തെക്കുറിച്ചറിഞ്ഞ ന്യൂ മലബാർ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സുസ്മിത ചാക്കോയുടെ നേതൃത്വത്തിലെത്തിയ സന്നദ്ധ പ്രവർത്തകർ ഇവരെ ഏറ്റെടുക്കാൻ മുന്നോട്ടുവരികയായിരുന്നു. തുടർന്ന് ഇരുവരെയും സ്ഥാപനത്തിലേക്ക് മാറ്റി സുരക്ഷിതമായ താമസവും ഭക്ഷണവും ആവശ്യമായ പരിചരണവും ഒരുക്കി. ആരും ആശ്രയിക്കാനില്ലാത്തവർക്കും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്കും സ്നേഹവും കരുതലും സുരക്ഷിതത്വവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് സുസ്മിത ചാക്കോ പറഞ്ഞു.