ഭയം എന്ന വികാരം നിഘണ്ടുവില്‍ ഇല്ലാത്ത ചില ന്യൂജെനറേഷന് താരങ്ങള്‍ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണിലുണ്ട്. ജെന്‍സി കാലഘട്ടത്തിനു യോജിക്കുന്ന ന്യൂജെന്‍ താരങ്ങള്‍. രാജസ്ഥാന് റോയല്‍സിന്റെ വൈഭവ് സൂര്യവംശി ഈ ഗണത്തിലുള്ള ഏറ്റവും ശ്രദ്ധേയ താരമാണ്.
അങ്ങനെ അല്ലെങ്കിൽ ലോകത്തിൽ ഏതെങ്കിലും ഒരു ബാറ്റർ ജസ്പ്രീത് ബുംറ, തനിക്കെതിരേ എറിയുന്ന ആദ്യ പന്ത് സിക്സർ പറത്തുമോ..? 2026 സീസൺ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ബുംറയും രാജസ്ഥാൻ റോയൽസിന്റെ ബേബി ബോസ് ആയ വൈഭവ് സൂര്യവംശിയും നേർക്കുനേർ ഇറങ്ങിയ പോരാട്ടത്തിലായിരുന്നു സംഭവം.
ബുംറയെ ആദ്യമായി നേരിട്ട സൂര്യവംശി, ആദ്യപന്ത് തന്നെ മിഡ്ഓണിനു മുകളിലൂടെ സിക്സർ പറത്തിയാണ് സൂപ്പർ പേസറിനെ സ്വാഗതം ചെയ്തത്. പഴയ പ്രതാപം ഇല്ലെങ്കിലും ബുംറ എന്നും ബുറയാണെന്നത് വിസ്മരിക്കാനാകില്ല. ബുംറയുടെ ആദ്യ ഓവറിൽ നേരിട്ട അഞ്ച് പന്തിൽ രണ്ട് സിക്സും ഒരു സിംഗിളും സൂര്യവംശി നേടി.
എതിര്‍നിരയിലെ താരമൂല്യമോ, താരപരിവേഷമോ സൂര്യവംശിയെപോലുള്ള നിര്‍ഭയ ന്യൂജെന്സിനെ തെല്ലും ബാധിക്കുന്നില്ല, അല്ലെങ്കില്‍ ഭയപ്പെടുത്തുന്നില്ല. നേര്‍ക്കുനേര്‍ നില്ക്കുന്നവര് ആരാണെങ്കിലും കീഴടക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. 19-ാം സീസണ് ഐപിഎല്ലില്‍ ശ്രദ്ധ പിടിച്ചുപറ്റിയ നിര്‍ഭയ ന്യൂജെന്‍ പ്രതിഭകള്‍ ഇവരാണ്...
1. വൈഭവ് സൂര്യവംശി (രാജസ്ഥാന് റോയല്‍സ്)
പ്രായത്തേക്കാള്‍ പക്വതയും ക്വാളിറ്റിയുമുള്ള ക്രിക്കറ്റ് കാഴ്ചവയ്ക്കുന്ന താരമാണ് രാജസ്ഥാന് റോയല്‍സിന്റെ 15കാരനായ വൈഭവ് സൂര്യവംശി. 2026 സീസണിലും വൈഭവിന്റെ ബാറ്റ് കൊടുങ്കാറ്റായി വീശുകയാണ്. ഇരുന്നൂറിനു മുകളിലാണ് വൈഭവിന്റെ സ്ട്രൈക്ക് റേറ്റ് എന്നതാണ് ഈ കൗമാരക്കാരന്റെ നിര്‍ഭയത്വത്തിന്റെ നേര്‍സാക്ഷ്യം. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ ഒമ്പതു മത്സരങ്ങളില്‍നിന്ന് 213.38 സ്ട്രൈക്ക് റേറ്റില്‍ 335 റണ്‍സ് വൈഭവ് സ്വന്തമാക്കിക്കഴിഞ്ഞു. രണ്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും നേടിക്കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരേ 15 പന്തില്‍ അര്‍ധസെഞ്ചുറിയുമായാണ് സൂര്യവംശി 19-ാം സീസണ് ഐപിഎല്ലിനു തുടക്കമിട്ടത്.
2. സമീര്‍ റിസ്വി (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)
22കാരനായ സമീര്‍ റിസ്വിയുടെ നിര്‍ഭയ ഹിറ്റിംഗാണ് ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ആദ്യ രണ്ടു മത്സരങ്ങളിലും ജയമൊരുക്കിയത്. രണ്ട് മത്സരങ്ങളിലും റിസ്വി ആയിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ചും. യുപി ട്വന്റി-20 ലീഗില്‍ താരം നടത്തിയ ബിഗ്-ഹിറ്റിംഗാണ് ഐപിഎല്ലിലേക്കു വഴിതെളിച്ചത്. 2024 ലേലത്തില്‍ 8.4 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് റിസ്വിയെ സ്വന്തമാക്കിയിരുന്നു. 2025 മെഗാ ലേലത്തില്‍ 95 ലക്ഷം രൂപയ്ക്കാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിലെത്തിയത്. പഞ്ചാബ് കിംഗ്സിന് എതിരേ 25 പന്തില്‍ 58 നോട്ടൗട്ടുമായി 2025 സീസണ് അവസാനിപ്പിച്ചു. അതോടെ ടീമിന്റെ ഫിനിഷര്‍ റോള്‍ സ്വന്തം. 2026 സീസണിലേക്കും ഡല്‍ഹി റിസ്വിയെ അതേതുകയ്ക്ക് നിലനിര്‍ത്തി. 2026 സീസണിലെ ആദ്യ മത്സരത്തില്‍ 47 പന്തില്‍ 70 നോട്ടൗട്ടും രണ്ടാം മത്സരത്തില്‍ 51 പന്തില്‍ 90ഉം റണ്‍സ് നേടി. ഈ രണ്ട് ഇന്നിംഗ്സും ടോപ് ഓര്‍ഡര്‍ തകര്‍ന്നശേഷമുള്ള സമ്മര്‍ദ സമയങ്ങളിലായിരുന്നു എന്നതാണ് ശ്രദ്ധേയം.
3. അംഗ്കൃഷ് രഘുവംശി (കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)
21കാരനായ അംഗ്കൃഷ് രഘുവംശി 2022 ഐസിസി അണ്ടര്‍ 19 ലോകകപ്പിലെ ടോപ് സ്കോററായാണ് ആദ്യം ശ്രദ്ധപിടിച്ചുപറ്റിയത്. 2024 ഐപിഎല്‍ ലേലത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തി. അതേ സീസണില്‍ അരങ്ങേറി. 155.24 സ്ട്രൈക്ക് റേറ്റുമായി ആദ്യ സീസണില്‍ത്തന്നെ വരവറിയിച്ചു. 2026 സീസണില്‍ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ കെകെആര്‍ ആറ് വിക്കറ്റിനു പരാജയപ്പെട്ടെങ്കിലും 29 പന്തില്‍ 51 റണ്‍സ് രഘുവംശി അടിച്ചെടുത്തു. രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 65 റണ്‍സിനു പരാജയപ്പെട്ടെങ്കിലും 29 പന്തില്‍ 52 റണ്‍സ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്വന്തമാക്കി. പഞ്ചാബ് കിംഗ്സിന് എതിരേ മഴയില്‍ മുടങ്ങിയ മത്സരത്തില്‍ ഏഴ് പന്തില്‍ ഏഴ് നോട്ടൗട്ടായിരുന്നു പ്രകടനം.
4. പ്രിന്‍സ് യാദവ് (ലക്നോ സൂപ്പര്‍ ജയന്റ്സ്)
പേസ്, ലൈന്‍ ആന്‍ഡ് ലെംഗ്ത് നിലനിര്‍ത്തുന്നതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ബൗളറാണ് ലക്നോ സൂപ്പര്‍ ജയന്റ്സിന്റെ പ്രിന്‍സ് യാദവ്. ലക്നോയുടെ പേസര്‍മാര്‍ പരിക്കിനെത്തുടര്‍ന്ന് വഴിമാറിയതോടെയാണ് പ്രിന്‍സ് യാദവിന് അവസരം ലഭിച്ചത്. മുഹമ്മദ് ഷമി, മായങ്ക് യാദവ്, മൊഹ്സിന്‍ ഖാന് എന്നിവര്‍ ഫിറ്റ്നസ് വീണ്ടെടുത്തപ്പോഴും പ്രിന്‍സിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ പലരും നെറ്റിചുളിച്ചു. എന്നാല്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്ക് എതിരേ നിര്‍ണായക വിക്കറ്റ് വീഴ്ത്തി. സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ഇഷാന് കിഷന്റെ വിക്കറ്റ് തെറിപ്പിച്ചതടക്കമുള്ള പന്തുകള്‍ ശ്രദ്ധിക്കപ്പെട്ടു.