കോട്ടയം: റെയില്‍വേ സ്റ്റേഷനിലെ പ്രധാന കവാടത്തിനകത്തുനിന്ന് പഴയ മേല്‍പ്പാലം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുകൂടി പുതിയ മേല്‍പ്പാലത്തിലേക്ക് സ്കൈവാക്ക് നിര്‍മിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയതിനുശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
പഴയ മേല്‍പ്പാലം പൊളിച്ചതിനെ തുടര്‍ന്ന് പ്രധാന കവാടത്തില്‍നിന്ന് രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലേക്ക് പോകണമെങ്കില്‍ പുറത്തിറങ്ങി പുതിയ കാല്‍നടപ്പാതയിലൂടെ മുന്നോട്ടുനീങ്ങി മേല്‍പ്പാലത്തിൽ കയറണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത് വലിയ പ്രയാസമാണ്. മഴസമയത്ത് യാത്രക്കാര്‍ നനഞ്ഞാണ് മേല്‍പ്പാലത്തിലേക്ക് പോയിരുന്നത്. സ്കൈവാക്ക് നിര്‍മിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പുതിയ കാല്‍നട മേല്‍പ്പാലത്തില്‍ നിന്ന് മറ്റ് പ്ലാറ്റ് ഫോമുകളിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തുള്ള മേല്‍ക്കൂരയുടെ നിര്‍മാണം പൂര്‍ത്തിയാക്കി. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനുള്ള പില്‍ഗ്രിം സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കി. റെയില്‍വേ സ്റ്റേഷന് കോന്പൗണ്ടിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കി.
സ്റ്റേഷന് മാനേജര്‍ പി. പ്രദീപ്, ഡെപ്യൂട്ടി മാനേജര്‍ മാത്യു ജോസഫ്, എന്‍ജിനിയര്‍ അനഘ നായര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഞ്ജു കൃഷ്ണന്, റെയിൽവേ പൊലിസ് ഇന്‍സ്പെക്ടര്‍ അനീഷ് രാമകൃഷ്ണന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഗൗരിശങ്കര്‍, ജോണ്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.