National
ലക്നോ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.
സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ മകൻ സുഫിയാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
കുഞ്ഞിനെ മാതാപിതാക്കൾ അവർക്കിടയിൽ കിടത്തിയ ശേഷം ഉറങ്ങാൻ കിടന്നു. രാത്രിയിൽ ഉറക്കത്തിനിടെ മാതാപിതാക്കൾ അറിയാതെ തിരിഞ്ഞു കിടന്നു. ഇതിനിടെ കുഞ്ഞ് അവർക്കിടയിൽ അബദ്ധത്തിൽ പെട്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കളും പോലീസും അറിയിച്ചു.
ഞായറാഴ്ച രാവിലെ കുഞ്ഞിന് ഭക്ഷണം നൽകാനായി അതിരാവിലെ എഴുന്നേറ്റ അമ്മയാണ് കുഞ്ഞിന് അനക്കമില്ലാത്തത് ശ്രദ്ധിച്ചത്. ഉടൻ ഗജ്രൗലയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
എന്നാൽ ജനനം മുതൽ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്നം ഉണ്ടായിരുന്നുവെന്നും പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യനില വഷളായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ മാതാപിതാക്കൾ തമ്മിൽ ആശുപത്രിയിൽവച്ച് വാക്കുതർക്കമുണ്ടായി. പിന്നാലെ ബന്ധുക്കൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.
National
ലക്നോ: നവജാത ശിശുവിന്റെ കൈയും തലയും ഇല്ലാത്ത മൃതശരീരവുമായി പാര്‍ക്കില്‍ തെരുവു നായ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
ഫ്രണ്ട്സ് പാര്‍ക്കിലേയ്ക്ക് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള കുട്ടിയുടെ മൃതദേഹവുമായി തെരുവുനായയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ആളുകളെ കണ്ടതോടെ കടിച്ചു പിടിച്ച പൊതി താഴെയിട്ട് നായ ഓടി രക്ഷപ്പെട്ടു.
തലയും കൈയും നഷ്ടപ്പെട്ട നിലയില്‍ വികൃതമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുണി നീക്കം ചെയ്ത് നോക്കിയ നാട്ടുകാരാണ് വികൃതമായ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. നെഞ്ചില്‍ ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നു.
ജനിച്ച് 24 മുതല്‍ 36 മണിക്കൂര്‍ വരെ ആയ കുഞ്ഞിന്റേതാണ് മൃതദേഹം എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കൈപ്പത്തിയില്‍ കാനുലയുണ്ടായിരുന്നതുകൊണ്ട് ഹോസ്പിറ്റലിലോ നേഴ്സിംഗ് ഹോമിലോ ജനിച്ചതാണെന്നാണ് പോലീസ് നിഗമനം.
നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തി നവജാത ശിശുവിനെ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞതായിരിക്കാമെന്നാണ് പോലീസിന്റെ സംശയം. മരിച്ചതിനെത്തുടര്‍ന്ന് കുഴിച്ചിട്ടതായിരിക്കാമെന്നും അവിടെ നിന്ന് നായ കടിച്ച് കൊണ്ടുവരാനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Kerala
തൃശൂർ: നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. ആറ്റൂർ സ്വദേശിനി സ്വപ്ന (37)ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങൾ പറഞ്ഞത്. ഗുരുതരാവസ്ഥയിലായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിൽ വെച്ച് തന്നെയാണ് പ്രസവിച്ചതെന്നും കുഞ്ഞ് മരിച്ചെന്നുമാണ് യുവതിയുടെ മൊഴി. എന്നാല്‍ മുഖത്ത് വെള്ളമൊഴിച്ച് കുഞ്ഞിനെ കൊന്നതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ നവജാത ശിശുവിനെ കൊന്നു വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ മജ്റു ഷെയ്ഖ് (33), ഭാര്യ ഷീല ഖാത്തൂന് (32) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഷീലയെ രക്തസ്രാവത്തെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്. മജ്റുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി ഇവര്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുഞ്ഞായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. ആറുമാസം മുമ്പാണ് ദമ്പതികള്‍ ഇവിടെയെത്തിയത്. ഇവർക്ക് മറ്റു രണ്ട് മക്കള്‍ കൂടിയുണ്ട്.
കാഞ്ഞിരക്കാട് ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്നിടത്താണ് തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെ മൃതദേഹം കണ്ടെത്തിയത്. കുഴിച്ചിട്ട സ്ഥലത്ത് നായ മാന്തുന്നത് കണ്ട് സമീപത്തുള്ള ഇതരസംസ്ഥാന സ്വദേശിനി പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് സമീപവാസികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു.