കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈയൊടിഞ്ഞ സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രി കെ.മുരളീധരനെ കണ്ട് പരാതി നൽകും. കുഞ്ഞിന് മികച്ച ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചെന്നാണ് ആരോപണം.
കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ ഐ.സി.സുജിൻ, വി.ആർ. അമല ദമ്പതികളുടെ കുഞ്ഞിന്റെ കൈയാണ് പ്രസവത്തിനിടെ പുറത്തെടുക്കുന്പോൾ ഒടിഞ്ഞത്. മേയ് 14ന് അമല പ്രസവിക്കുമ്പോൾ കുഞ്ഞിന് 3.35 കിലോഗ്രാം ഭാരമുണ്ടായിരുന്നു. പ്രസവത്തിൽ കുട്ടിയുടെ വലതുകൈയ്ക്ക് ഒടിവ് സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഒടിവ് കണ്ടെത്തിയശേഷം കുഞ്ഞിന് മതിയായ പരിചരണം നൽകുന്നതിൽ വീഴ്ച വന്നുവെന്നാണ് ആരോപണം. ഉച്ചയ്ക്ക് ഒന്നിന് നടന്ന പ്രസവത്തിനു ശേഷം കുട്ടിയെ നവജാതശിശുക്കളുടെ ഐസിയുവിലേക്ക് കൊണ്ടുപോയി. കുട്ടി വേദന കൊണ്ട് കരഞ്ഞിട്ടും അടിയന്തര ചികിത്സ നൽകിയില്ല. രാത്രി എട്ടിനാണ് എക്സ്റേ എടുത്ത് ഒടിവ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
കുഞ്ഞ് രാത്രി മുഴുവൻ വേദന കൊണ്ട് കരഞ്ഞെങ്കിലും അടുത്ത ദിവസം മാത്രമാണ് പ്ലാസ്റ്റർ ഇട്ടത്. മേയ് 17ന് അമ്മ കുഞ്ഞിന് പാൽ കൊടുക്കാൻ പോയപ്പോൾ പ്ലാസ്റ്റർ അഴിഞ്ഞുവീണു. ഉച്ചയ്ക്ക് 12ന് പ്ലാസ്റ്റർ അഴിഞ്ഞുവീണ വിവരം അറിയിച്ചിട്ടും രാത്രി ഒന്പത് വരെ ഡോക്ടർമാർ പരിശോധനയ്ക്ക് എത്തിയില്ല. എല്ല് ഇളകിയ നിലയിലായിരുന്നു.
പിന്നീട് തന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചു. എല്ല് കയറിപ്പോയിട്ടുണ്ടെന്ന് അറിയിച്ച് അവിടെയുള്ള ഡോക്ടർമാർ വീണ്ടും പ്ലാസ്റ്റർ ഇടുകയായിരുന്നെന്നും ഇയാൾ പ്രതികരിച്ചു.
Tags : newborn arm fracture kozhiode medical college