കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ, സംസ്ഥാനത്തെ നാല് ഗവ. എന്‍ജിനിയറിംഗ് കോളജുകളില്‍ പുതിയ തലവന്മാരെ നിയമിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) ഇടപെടലിനെ തുടര്‍ന്ന് പുനഃസംഘടിപ്പിച്ച സെലക്ഷന് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഡോ. വി.ആര്. രാജീവ് (വയനാട്), ഡോ. പി.കെ. ജയശ്രീ (കോഴിക്കോട് ), ഡോ. മഞ്ജു മാനുവല്‍ (ഇടുക്കി) എന്നിവരെ പ്രിന്‍സിപ്പല്‍മാരായും ഡോ. പി.എ. ഹാരിസിനെ തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്റെ ജോയിന്റ് ഡയറക്ടറായും നിയമിച്ചത്.
പരാതികളെ തുടര്‍ന്ന് മുന്‍ നിയമന നടപടികള്‍ കെഎടി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പുനഃസംഘടിപ്പിച്ച സെലക്ഷന് കമ്മിറ്റിയാണ് അപേക്ഷകള്‍ പരിശോധിച്ച് അഭിമുഖം നടത്തിയത്. ആകെ ലഭിച്ച 17 അപേക്ഷകരില്‍ 12 പേര് അഭിമുഖത്തില്‍ പങ്കെടുത്തു. ഇതില്‍നിന്നു മെറിറ്റ് അടിസ്ഥാനത്തില്‍ തയാറാക്കിയ റാങ്ക് പട്ടികയില്‍നിന്ന് ആദ്യ നാലു സ്ഥാനക്കാരെയാണ് നിലവിലെ ഒഴിവുകളിലേക്ക് നിയമിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും നിയമനടപടികളും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും മറ്റ് ഉന്നത കോടതികളുടെയും പരിഗണനയിലായിരുന്നു. എന്‍ജിനിയറിംഗ് കോളജുകളിലെ പ്രിന്‍സിപ്പല്‍, പ്രഫസര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ നിര്‍ദേശിക്കുന്ന കൃത്യമായ യോഗ്യതകള്‍ (പിഎച്ച്ഡി, നിശ്ചിത വര്‍ഷത്തെ അധ്യാപന പരിചയം/ഗവേഷണ പരിചയം) അനുസരിച്ചായിരിക്കണം എന്ന് കോടതികള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
അസോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകളില്‍ നിന്നുള്ള പ്രമോഷനുകളും തരംതാഴ്ത്തലുകളുമായി ബന്ധപ്പെട്ട് മുമ്പ് ഉയര്‍ന്ന പരാതികളില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയയ്ക്കുകയും ചട്ടങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതിനിടെ, സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തിനായി ലഭിച്ച അപേക്ഷകള്‍ വീണ്ടും സൂക്ഷ്മപരിശോധന നടത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെലക്ഷന് കമ്മിറ്റിയെ നിയോഗിച്ചതിനെതിരേയും പരാതി ഉയര്‍ന്നു. സെലക്ഷന് കമ്മിറ്റിയില്‍ സ്വകാര്യ സ്വാശ്രയ കോളജുകളിലെ രണ്ട് പ്രിന്‍സിപ്പല്‍മാരെ ഉള്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനാണ് രംഗത്തു വന്നത്.
എഐസിടിഇ മാനദണ്ഡപ്രകാരം എന്ന് വിശേഷിപ്പിച്ചു കൊണ്ട് കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നോമിനിയായി രണ്ട് സ്വാശ്രയ സ്വകാര്യ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചതിനെയാണ് കെജിഒഎ എതിര്‍ത്തത്.
സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനേക്കാള്‍ പ്രാമുഖ്യം കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ക്ക് നല്‍കിയതിലെ സാംഗത്യം ചോദ്യം ചെയ്യപ്പെട്ടതിനിടെയാണ് സെലക്ഷന് കമ്മിറ്റിയുടെ ശിപാര്‍ശയില്‍ നാലു സ്ഥാപനങ്ങളില്‍ മേധാവിമാരെ നിയോഗിച്ചത്.