തിരുവനന്തപുരം: നോർക്ക കെയർ 2026 - 27 പദ്ധതിയിൽ പുതുതായി കൊണ്ടുവന്ന പ്രായാധിഷ്ഠിത പ്രീമിയം സംവിധാനം പ്രവാസികൾക്ക് അതിഭീമമായ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് പ്രവാസി ലീഗൽ സെൽ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
2025 - 26 വർഷത്തിൽ അഞ്ച് ലക്ഷം രൂപ ഫാമിലി ഹെൽത്ത് കവറേജിന് നോർക്ക ഐഡി ഉടമ, പങ്കാളി, രണ്ട് ആശ്രിതർ എന്നിവരെ ഉൾപ്പെടുത്തി 13,411 രൂപ ആയിരുന്നു പ്രീമിയം.
എന്നാൽ പുതിയ 2026 - 27ലെ വയസിന്റെ അടിസ്ഥാനത്തിലുള്ള പ്രീമിയം സംവിധാനത്തിൽ 51 - 60 വയസിൽ 35,664 രൂപയും 61 - 70 വയസിൽ 44,718 രൂപയും നൽകേണ്ടിവരുന്നു. ഇതോടെ നിലവിലെ പല പ്രവാസി കുടുംബങ്ങൾക്കും 166 മുതൽ 233 ശതമാനം വരെ പ്രീമിയം അധികമായി നൽകേണ്ടി വരുന്നു.
ഇത് സാധാരണ വാർഷിക പ്രീമിയം വർധനയല്ല, കഴിഞ്ഞ വർഷത്തെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രീമിയം സംവിധാനത്തിൽ നിന്നും വയസ് അടിസ്ഥാനത്തിലുള്ള പ്രീമിയം രീതിയിലേക്കുള്ള അടിസ്ഥാനപരമായ മാറ്റമാണ്.
കൂടാതെ, പ്രീമിയം പുതുക്കൽ സംബന്ധിച്ച് കുറഞ്ഞത് 45 ദിവസം മുൻകൂർ അറിയിപ്പ് നൽകണമെന്ന വ്യവസ്ഥ ഉണ്ടായിരിക്കെ, പുതിയ നിരക്കുകൾ നിലവിലെ പോളിസി അവസാനിക്കുന്നതിന് കേവലം നാല് ദിവസം മുമ്പ് മാത്രമാണ് അറിയിക്കുന്നത്.
നിലവിലെ പോളിസി ഒക്ടോബർ 31ന് അവസാനിക്കുകയും പുതിയ സംവിധാനം നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരികയും ചെയ്യുന്നതിനാൽ, പ്രവാസികൾക്ക് ആവശ്യമായ തീരുമാനം എടുക്കാനോ മറ്റു ഇൻഷുറൻസ് മാർഗങ്ങൾ പരിശോധിക്കാനോ മതിയായ സമയം ലഭിച്ചിട്ടില്ല.
അതുകൊണ്ട് വയസ് അടിസ്ഥാനമാക്കിയിട്ടുള്ള പുതിയ പ്രീമിയം സംവിധാനം അടിയന്തരമായി പിൻവലിച്ച്, മുൻവർഷത്തെ ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള പ്രീമിയം സംവിധാനം തുടരണമെന്നും നിലവിലെ പോളിസി പരിരക്ഷ തടസമില്ലാതെ നീട്ടണമെന്നും പിഎൽസി ആവശ്യപ്പെടുന്നു.
ഒരു പ്രവാസിക്കും ഇൻഷുറൻസ് തുടർച്ചയും അസുഖങ്ങൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കവറേജ് തുടങ്ങിയ ആനുകൂല്യങ്ങൾ നഷ്ടപ്പെടരുതെന്നും പ്രവാസി ലീഗൽ സെൽ ആവശ്യപ്പെടുന്നു.
പുതിയ പ്രീമിയം നിരക്കുകൾ നിശ്ചയിച്ചതിന്റെ അടിസ്ഥാനവും ക്ലെയിം അനുപാതവും ഇൻഷുറൻസ് കമ്പനിയുടെ നിരക്ക് നിർദേശവും പ്രീമിയം കണക്കാക്കിയ രീതിയും പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും വിഷയത്തിൽ മുഖ്യമന്ത്രി, നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ് എന്നിവർ അടിയന്തരമായി ഇടപെടണമെന്നും പ്രവാസി ലീഗൽ സെൽ ആവശ്യപ്പെട്ടു.