ന്യൂഡൽഹി: പല ദേശീയ മാധ്യമങ്ങളും മുഖംതിരിച്ച പ്രതിഷേധം ജനങ്ങൾ ഏറ്റെടുത്ത് വൻ വിജയമാക്കിയതിനു പിന്നിൽ നവമാധ്യമങ്ങളുടെ ഉജ്വല പ്രകടനം.
ഡിജിറ്റൽ യുഗത്തിൽ "ഗോദി മീഡിയ’എന്ന് ആക്ഷേപിക്കപ്പെടുന്ന പല മാധ്യമങ്ങളും സമരത്തോട് അകലം പാലിച്ചപ്പോൾ നവയുഗത്തിലെ ഡിജിറ്റൽ മാധ്യമപ്രവർത്തകരും സ്വതന്ത്ര-നിഷ്പക്ഷ മാധ്യമപ്രവർത്തകരും സാധാരണക്കാരുമാണ് ജനഹൃദയങ്ങളിൽ സമരജ്വാല അണയാതെ കാത്തത്.
വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ആദ്യദിനം മുതൽ കൈയിൽ മൊബൈലുകളുമേന്തി നൂറിലേറെ സ്വതന്ത്ര മാധ്യമപ്രവർത്തകരായിരുന്നു പ്രതിഷേധത്തിന്റെ ഓരോ അപ്ഡേറ്റും വഴി സമൂഹമാധ്യമങ്ങളിലൂടെ ജനരോഷത്തിന്റെ തിരി കെടാതെ കാത്തത്.
ഡൽഹിയെ കുലുക്കിയ ജൂലൈ 20ലെ പാർലമെന്റ് മാർച്ച് പല ദേശീയ ടെലിവിഷൻ ചാനലുകളും റിപ്പോർട്ട് ചെയ്തതുപോലുമില്ല. മാധ്യമപ്രവർത്തനത്തിന്റെ പ്രാഥമിക യുക്തിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്.
എന്നാൽ, മൊബൈലിലെ ഒരൊറ്റ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ലൈവിൽ കുറഞ്ഞത് പതിനായിരം പേരെയെങ്കിലും ഡിജിറ്റൽ മാധ്യമപ്രവർത്തകർ സ്ക്രീനുകളിലൂടെ ജന്തർ മന്തറിലെത്തിച്ചിരുന്നു. ഒട്ടേറെ പുതുമകളുണ്ടായിരുന്ന രാജ്യത്തെ ആദ്യ ഡിജിറ്റൽ പ്രതിഷേധത്തിലെ ഓരോ പുതുമയും സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയായിരുന്നു.
പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും വിമർശിക്കാൻ മാധ്യമങ്ങൾ മടിച്ചുനിന്നപ്പോൾ സർഗാത്മകമായ മീമുകളിലൂടെയും വീഡിയോകളിലൂടെയും ന്യൂജെൻ ജനാധിപത്യത്തിന്റെ കാവൽക്കാരെന്ന് അവകാശപ്പെടുന്ന അധികാരികളെയും അവരുടെ വൈതാളികരെയും ധൈര്യപൂർവം പരിഹസിച്ചു.
പാർലമെന്റ് മാർച്ചിലെ പോലീസ് അതിക്രമങ്ങൾ പല പത്രങ്ങളുടെയും ടെലിവിഷൻ മാധ്യമങ്ങളുടെയും കണ്ണിലുടക്കാതെയായപ്പോൾ മൊബൈലുകളുമായി നിരത്തിലിറങ്ങിയ സാധാരണക്കാരും ഡിജിറ്റൽ മാധ്യമപ്രവർത്തകരുമാണ് നരനായാട്ട് ലോകത്തെ അറിയിച്ചത്.
മാറുന്ന ലോകത്തിൽ സത്യത്തിനു നേരേ മുഖം തിരിച്ചാലും ജനം കണ്ണാടിയാകുമെന്ന തിരിച്ചറിവുകൂടിയാണ് രാജ്യത്തെ ആദ്യ ഡിജിറ്റൽ പ്രതിഷേധത്തിന്റെ വിജയം.