ഫിഫ ലോകകപ്പ് നാലുവര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുമ്പോള്‍ അതാതു കാലത്തെ വിഖ്യാത താരങ്ങള്‍ക്കു പിന്നാലെയാവും എപ്പോഴും ആരാധകക്കൂട്ടം. എന്നാല്‍ പുത്തന്‍ താരോദയങ്ങള്‍ക്കായി ആകാശമൊരുക്കുന്ന വേദി കൂടിയാണത്.
1958ല്‍ ലോകത്തെ ഞെട്ടിച്ച പതിനേഴുകാരന് പെലെ മുതല്‍ കഴിഞ്ഞ ലോകകപ്പുകളില്‍ തരംഗമായി മാറിയ കിലിയന്‍ എംബാപ്പെ വരെയുള്ള നീണ്ടനിര ഈ ലോകവേദിയിലാണ് മാറ്റ് തെളിയിച്ചത്.
യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിലും അത്തരം അത്ഭുതപ്രതിഭകളെയാണ് ലോകം ഉറ്റുനോക്കുന്നത്.
നോര്‍വീജിയന്‍ ഫുട്ബോള്‍ സ്കൗട്ടും എഎസ് മൊണാക്കോയുടെ മുന്‍ സ്പോര്‍ട്ടിംഗ് ഡയറക്ടറുമായ ടോര്ക്രിസ്റ്റ്യന് കാള്സണ് യൂറോപ്പിലെ പ്രമുഖ ക്ലബുകളിലെ സ്കൗട്ടുകളുമായി ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റില്‍ മികച്ച 21 യുവതാരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്.
ഈ ടൂര്‍ണമെന്റില്‍ കളം നിറയാന്‍ പോകുന്ന ചില സൂപ്പര്‍ കിഡുകളെ പരിചയപ്പെടാം.
സ്പാനിഷ് കോട്ടയിലെ വിശ്വസ്തരും അര്‍ജന്റീനയുടെ രഹസ്യ ആയുധവും
നിലവില്‍ ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമുള്ള യുവതാരമായി വിലയിരുത്തപ്പെടുന്നത് ബാഴ്സലോണയുടെ 18 വയസുകാരന് ലാമിന് യമാലാണ്.
ഇതിനകം തന്നെ സൂപ്പര്‍താരമായി പേരെടുത്ത യാമാലിന്റെ വിംഗില്‍ നിന്നും ബോക്സിലേക്ക് പൊടുന്നനെ വെട്ടിയൊഴിഞ്ഞു കയറാനുള്ള കഴിവും കളത്തിലെ അസാധാരണ പക്വതയും സ്പെയിനിന്റെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടും.
യമാലിനൊപ്പം ബാഴ്സലോണ പ്രതിരോധത്തില്‍ 100 മത്സരങ്ങളുടെ പരിചയസമ്പത്തുമായി എത്തുന്ന പൗ കുബാര്‍സിയും സ്പാനിഷ് നിരയിലെ കരുത്താണ്.
പ്രായം 19 മാത്രമാണെങ്കിലും കളി വായിച്ചറിയാനുള്ള കുബാര്‍സിയുടെ കഴിവും ക്രൗഡഡ് ഏരിയയില്‍പോലും സഹതാരങ്ങള്‍ക്ക് കൃത്യമായി പന്തെത്തിക്കാനുള്ള സ്കില്ലും ടീമിന് ആത്മവിശ്വാസം നല്കുന്നു.
ലാറ്റിനമേരിക്കന്‍ കരുത്തുമായി ലോകകിരീടം നിലനിര്‍ത്താനായി എത്തുന്ന അര്‍ജന്റീനയുടെ രഹസ്യായുധം നികോ പാസ് ടൂര്‍ണമെന്റിലെ എക്സ്ഫാക്ടറാണ്.
ലയണല്‍ മെസി കളിക്കുന്ന അതേ പൊസിഷനില്‍ തിളങ്ങുന്ന താരമായതിനാല്‍ ആദ്യ ഇലവനില്‍ അവസരം കുറവായിരിക്കുമെങ്കിലും കളി മാറ്റാന്‍ കെല്‍പ്പുള്ള പകരക്കാരനായി കോച്ച് സ്കലോണി പാസിനെ ഉപയോഗിച്ചേക്കും.
മധ്യനിര ഭരിക്കുന്ന യുവ എന്‍ജിനുകള്‍
ഇത്തവണ പോര്‍ച്ചുഗലിന്റെ മധ്യനിരയില്‍ വിട്ടീഞ്ഞയ്ക്കൊപ്പം കളി നിയന്ത്രിക്കാന്‍ പോകുന്ന എന്‍ജിനാണ് പാരീസ് സെന്റ് ജെര്‍മെയ്നിലെ സഹതാരംകൂടിയായ 21 വയസുകാരന് ജോവോ നെവെസ്.
90 മിനിറ്റും ഒരേ എനര്‍ജിയോടെ കളിക്കുന്ന നെവസ് കൃത്യമായ പാസുകളിലൂടെ കളി മെനയുകയും മധ്യനിരയില്‍ എതിരാളികളുടെ മുന്നേറ്റങ്ങളെ ഇന്റര്‍സെപ്റ്റ് ചെയ്യാനുമുള്ള കഴിവിനാലാണ് വ്യത്യസ്തനാകുന്നത്.
പ്രതിരോധവും മുന്നേറ്റവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിഫന്‍സീവ് മിഡ് ആയും പോര്‍ച്ചുഗലിന്റെ മുന്നേറ്റങ്ങള്‍ക്ക് നെവസ് കരുത്തേകും. റയല്‍ മാഡ്രിഡിന്റെ തുര്‍ക്കിഷ് താരം അര്‍ദ ഗുലറാണ് മധ്യനിരയില്‍ മാന്ത്രികത ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു താരം.
കളത്തില്‍ തലച്ചോറും കാലുകളും അതിവേഗം ഉപയോഗിക്കാനറിയുന്ന ചുരുക്കം ചിലരില്‍ ഒരാളായ ഗുലര്‍ തുര്‍ക്കിയുടെ മിഡ്ഫീല്‍ഡ് ജനറല്‍ എന്നതിലുപരി അസാമാന്യ ഗോളുകള്‍ സ്കോര്‍ ചെയ്യാനും മിടുക്കനാണ്.
ഇംഗ്ലണ്ടിനാകട്ടെ ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ വിസ്മയപ്രകടനം പുറത്തെടുത്ത ലെഫ്റ്റ് ബാക്ക് നികോ ഒറെയ്ലി മികച്ച ഫോമിലാണ്.
മണിക്കൂറില്‍ 35.9 കിലോമീറ്റര്‍ വേഗതയില്‍ ഓടിയെത്താന്‍ കഴിവുള്ള ഒറെയ്ലി ഇത്തവണ ഇംഗ്ലീഷ് കോച്ച് തോമസ് ടുഹെലിന്റെ പ്രധാന ആയുധമായിരിക്കും.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 21 വയസുകാരന് കോബി മൈനൂവും ശാന്തതയോടെ കളി മെനയാന്‍ കെല്‍പ്പുള്ള മധ്യനിരതാരമായി ഇംഗ്ലീഷ് നിരയിലുണ്ട്.
ആഫ്രിക്കന്‍ കരുത്തും അപ്രതീക്ഷിത കുതിപ്പുകളും
ഐവറി കോസ്റ്റിന്റെ യാന്‍ ഡിയൊമാന്ഡെയാണ് ഈ ലോകകപ്പില്‍ താരമാകാന്‍ പോകുന്ന മറ്റൊരാള്‍. ഈ ലോകകപ്പിലെ ഏറ്റവും അപകടകാരിയായ വിംഗര്‍മാരില്‍ ഒരാളായ ഈ 19 വയസുകാരന് നിലവില്‍ ജര്‍മന്‍ ബൂണ്ടസ്ലിഗയില് ആര്.ബി. ലൈപ്സിഗിന്റെ മിന്നുംതാരമാണ്.
എതിര് പ്രതിരോധങ്ങളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള വേഗതയ്ക്ക് ഉടമയാണ് ഡിയൊമാന്ഡെ. സെനഗല്‍ ഫോര്‍വേഡ് ഇബ്രാഹിം എംബായെ, സെനഗലിന്റെ ബസുമാന ടൂറെ എന്നിവരും കളത്തില്‍ ഇന്ദ്രജാലം തീര്‍ക്കാന്‍ കെല്പുള്ളവരാണ്.
പിഎസ്ജിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ്, ലീഗ് വണ്‍ കിരീടങ്ങള്‍ ഉയര്‍ത്തി സൂപ്പര്‍താരമായി ഉദിച്ചുയര്‍ന്ന ഫ്രാന്‍സിന്റെ 20 വയസുകാരന് വാറന്‍ സെയര്എമ്റി ഇതിനകം തന്നെ ഫ്രഞ്ച് ടീം മാനേജര്‍ ദിദിയെ ദെഷാംപ്സിന്റെ വിശ്വസ്തനായി മാറി.
പിഎസ്ജിയുടെ തന്നെ ഇരുപതുകാരന് ഡിസൈര്‍ ഡ്യുഎ ആകട്ടെ സൂപ്പര്‍താരമായി പേരെടുത്തുകഴിഞ്ഞു. ലോകകപ്പ് പോലെ വലിയ വേദിയില്‍ കിലിയന്‍ എംബാപ്പെയ്ക്കൊപ്പം സ്വന്തം രാജ്യത്തിന് കഴിഞ്ഞതവണ നഷ്ടപ്പെട്ട കിരീടം നേടിക്കൊടുക്കാനുള്ള കരുത്ത് ഡ്യൂഎയുടെ കാലുകള്‍ക്കുണ്ട്.
ടൂര്‍ണമെന്റിലെ മറ്റൊരു സര്‍പ്രെെസ് പാക്കേജ് ക്രോയേഷ്യയുടെ ലൂക്കാ വുസ്കോവിച്ചാണ്. ആറടി നാലിഞ്ച് ഉയരമുള്ള ഈ 19 വയസുകാരന് പ്രതിരോധത്തില്‍ മാത്രമല്ല, സെറ്റ് പീസുകളില്‍ നിന്ന് ഹെഡ്ഡറുകളിലൂടെയും അക്രോബാറ്റിക് വോളികളിലൂടെയും ഗോളടിക്കാന്‍ മിടുക്കനാണ്.
ബ്രസീലിയന്‍ മാജിക്
ഈ ലോകകപ്പിന്റെ താരമാകാന്‍ സാധ്യതയുണ്ടായിരുന്ന പതിനെട്ടുകാരന് സെന്സേഷന് എസ്റ്റവായോ പരിക്കുമൂലം ടീമിനു പുറത്തായതാണ് ബ്രസീലിന്റെ ദുഃഖം. എന്നാല്‍ എന്നത്തെയുംപോലെ ഒരുപിടി യുവരാജാക്കന്മാരുമായാണ് മഞ്ഞപ്പട ഇത്തവണയും എത്തുന്നത്.
അവസരങ്ങള്‍ കുറഞ്ഞതോടെ കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍നിന്നു ലോണില്‍ ഒളിമ്പിക് ലിയോണില്‍ എത്തി തകര്‍പ്പന്‍ ഫോമില്‍ തുടരുന്ന എന്‍ഡ്രിക്ക് കളി ഏതു നിമിഷവും മാറ്റിമറിക്കാന്‍ ശേഷിയുള്ള പ്രതിഭയാണ്.
ബോണ്‍മൗത്തിന്റെ പത്തൊന്പതുകാരന് ഫോര്‍വേഡ് റയാന് പ്രതിഭകള്‍ നിറഞ്ഞ ബ്രസീല്‍ മുന്നേറ്റക്കാര്ക്കിടയില് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ അവസരം ലഭിക്കാന്‍ ഇടയില്ലെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലെത്തുമ്പോള്‍ തന്റെ പ്രതിഭ ലോകത്തെ കാണിക്കാനായേക്കും.