x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​സ്മ​യ​മാ​കാ​ന്‍ സൂ​പ്പ​ര്‍ കി​ഡ്സ്; യുവതാരങ്ങള്‍ ക​ളം നി​റ​യുമോ?

ജ​യേ​ഷ് നാ​യ​ർ
Published: June 4, 2026 04:54 PM IST | Updated: June 4, 2026 04:56 PM IST

ലാ​മി​ന്‍ യ​മാ​ൽ, നി​കോ പാ​സ്, എ​ന്‍​ഡ്രി​ക്ക്

ഫി​ഫ ലോ​ക​ക​പ്പ് നാ​ലു​വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ വി​രു​ന്നെ​ത്തു​മ്പോ​ള്‍ അ​താ​തു കാ​ല​ത്തെ വി​ഖ്യാ​ത താ​ര​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​വും എ​പ്പോ​ഴും ആ​രാ​ധ​ക​ക്കൂ​ട്ടം. എ​ന്നാ​ല്‍ പു​ത്ത​ന്‍ താ​രോ​ദ​യ​ങ്ങ​ള്‍​ക്കാ​യി ആ​കാ​ശ​മൊ​രു​ക്കു​ന്ന വേ​ദി കൂ​ടി​യാ​ണ​ത്.

1958ല്‍ ​ലോ​ക​ത്തെ ഞെ​ട്ടി​ച്ച പ​തി​നേ​ഴു​കാ​ര​ന്‍ പെ​ലെ മു​ത​ല്‍ ക​ഴി​ഞ്ഞ ലോ​ക​ക​പ്പു​ക​ളി​ല്‍ ത​രം​ഗ​മാ​യി മാ​റി​യ കി​ലി​യ​ന്‍ എം​ബാ​പ്പെ വ​രെ​യു​ള്ള നീ​ണ്ട​നി​ര ഈ ​ലോ​ക​വേ​ദി​യി​ലാ​ണ് മാ​റ്റ് തെ​ളി​യി​ച്ച​ത്.

യു​എ​സ്എ, മെ​ക്‌​സി​ക്കോ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഈ ​ലോ​ക​ക​പ്പി​ലും അ​ത്ത​രം അ​ത്ഭു​ത​പ്ര​തി​ഭ​ക​ളെ​യാ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

നോ​ര്‍​വീ​ജി​യ​ന്‍ ഫു​ട്‌​ബോ​ള്‍ സ്‌​കൗ​ട്ടും എ​എ​സ് മൊ​ണാ​ക്കോ​യു​ടെ മു​ന്‍ സ്‌​പോ​ര്‍​ട്ടിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ടോ​ര്‍​ക്രി​സ്റ്റ്യ​ന്‍ കാ​ള്‍​സ​ണ്‍ യൂ​റോ​പ്പി​ലെ പ്ര​മു​ഖ ക്ല​ബുക​ളി​ലെ സ്‌​കൗ​ട്ടു​ക​ളു​മാ​യി ചേ​ര്‍​ന്ന് ത​യാറാ​ക്കി​യ ലി​സ്റ്റി​ല്‍ മി​ക​ച്ച 21 യു​വ​താ​ര​ങ്ങ​ളാ​ണ് ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ളം നി​റ​യാ​ന്‍ പോ​കു​ന്ന ചി​ല സൂ​പ്പ​ര്‍ കി​ഡു​ക​ളെ പ​രി​ച​യ​പ്പെ​ടാം.

സ്പാ​നി​ഷ് കോ​ട്ട​യി​ലെ വി​ശ്വ​സ്ത​രും അ​ര്‍​ജന്‍റീ​ന​യു​ടെ ര​ഹ​സ്യ ആ​യു​ധ​വും

നി​ല​വി​ല്‍ ലോ​ക ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള യു​വ​താ​ര​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത് ബാ​ഴ്‌​സ​ലോ​ണ​യു​ടെ 18 വ​യ​സു​കാ​ര​ന്‍ ലാ​മി​ന്‍ യ​മാ​ലാ​ണ്.

ഇ​തി​ന​കം ത​ന്നെ സൂ​പ്പ​ര്‍​താ​ര​മാ​യി ​പേ​രെ​ടു​ത്ത യാ​മാ​ലി​ന്‍റെ വിം​ഗി​ല്‍ നി​ന്നും ബോ​ക്‌​സി​ലേ​ക്ക് പൊ​ടു​ന്ന​നെ വെ​ട്ടി​യൊ​ഴി​ഞ്ഞു ക​യ​റാ​നു​ള്ള ക​ഴി​വും ക​ള​ത്തി​ലെ അ​സാ​ധാ​ര​ണ പ​ക്വ​ത​യും സ്‌​പെ​യി​നി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് മൂ​ര്‍​ച്ച കൂ​ട്ടും.

യ​മാ​ലി​നൊ​പ്പം ബാ​ഴ്‌​സ​ലോ​ണ പ്ര​തി​രോ​ധ​ത്തി​ല്‍ 100 മ​ത്സ​ര​ങ്ങ​ളു​ടെ പ​രി​ച​യ​സ​മ്പ​ത്തു​മാ​യി എ​ത്തു​ന്ന പൗ ​കു​ബാ​ര്‍​സി​യും സ്പാ​നി​ഷ് നി​ര​യി​ലെ ക​രു​ത്താ​ണ്.

പ്രാ​യം 19 മാ​ത്ര​മാ​ണെ​ങ്കി​ലും ക​ളി വാ​യി​ച്ച​റി​യാ​നു​ള്ള കു​ബാ​ര്‍​സി​യു​ടെ ക​ഴി​വും ക്രൗ​ഡ​ഡ് ഏ​രി​യ​യി​ല്‍​പോ​ലും സ​ഹ​താ​ര​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യി പ​ന്തെ​ത്തി​ക്കാ​നു​ള്ള സ്‌​കി​ല്ലും ടീ​മി​ന് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്നു.

ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ക​രു​ത്തു​മാ​യി ലോ​ക​കി​രീ​ടം നി​ല​നി​ര്‍​ത്താ​നാ​യി എ​ത്തു​ന്ന അ​ര്‍​ജ​ന്‍റീ​ന​യു​ടെ ര​ഹ​സ്യാ​യു​ധം നി​കോ പാ​സ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ എ​ക്‌​സ്ഫാ​ക്‌ടറാ​ണ്.

ല​യ​ണ​ല്‍ മെ​സി ക​ളി​ക്കു​ന്ന അ​തേ പൊ​സി​ഷ​നി​ല്‍ തി​ള​ങ്ങു​ന്ന താ​ര​മാ​യ​തി​നാ​ല്‍ ആ​ദ്യ ഇ​ല​വ​നി​ല്‍ അ​വ​സ​രം കു​റ​വാ​യി​രി​ക്കു​മെ​ങ്കി​ലും ക​ളി മാ​റ്റാ​ന്‍ കെ​ല്‍​പ്പു​ള്ള പ​ക​ര​ക്കാ​ര​നാ​യി കോ​ച്ച് സ്‌​ക​ലോ​ണി പാ​സി​നെ ഉ​പ​യോ​ഗി​ച്ചേ​ക്കും.

മ​ധ്യ​നി​ര ഭ​രി​ക്കു​ന്ന യു​വ എ​ന്‍​ജി​നു​ക​ള്‍

ഇ​ത്ത​വ​ണ പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ മ​ധ്യ​നി​ര​യി​ല്‍ വി​ട്ടീ​ഞ്ഞ​യ്‌​ക്കൊ​പ്പം ക​ളി നി​യ​ന്ത്രി​ക്കാ​ന്‍ പോ​കു​ന്ന എ​ന്‍​ജി​നാ​ണ് പാ​രീ​സ് സെന്‍റ് ജെ​ര്‍​മെ​യ്‌​നി​ലെ സ​ഹ​താ​രം​കൂ​ടി​യാ​യ 21 വയസുകാ​ര​ന്‍ ജോ​വോ നെ​വെ​സ്.

90 മി​നി​റ്റും ഒ​രേ എ​ന​ര്‍​ജി​യോ​ടെ ക​ളി​ക്കു​ന്ന നെ​വ​സ് കൃ​ത്യ​മാ​യ പാ​സു​ക​ളി​ലൂ​ടെ ക​ളി മെ​ന​യു​ക​യും മ​ധ്യ​നി​ര​യി​ല്‍ എ​തി​രാ​ളി​ക​ളു​ടെ മു​ന്നേ​റ്റ​ങ്ങ​ളെ ഇ​ന്‍റ​ര്‍​സെ​പ്റ്റ് ചെ​യ്യാ​നു​മു​ള്ള ക​ഴി​വി​നാ​ലാ​ണ് വ്യ​ത്യ​സ്ത​നാ​കു​ന്ന​ത്.

പ്ര​തി​രോ​ധ​വും മു​ന്നേ​റ്റ​വും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ഡി​ഫ​ന്‍​സീ​വ് മി​ഡ് ആ​യും പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ള്‍​ക്ക് നെ​വ​സ് ക​രു​ത്തേ​കും. റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ തു​ര്‍​ക്കി​ഷ് താ​രം അ​ര്‍​ദ ഗു​ല​റാ​ണ് മ​ധ്യ​നി​ര​യി​ല്‍ മാ​ന്ത്രി​ക​ത ഒ​ളി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന മ​റ്റൊ​രു താ​രം.

ക​ള​ത്തി​ല്‍ ത​ല​ച്ചോ​റും കാ​ലു​ക​ളും അ​തി​വേ​ഗം ഉ​പ​യോ​ഗി​ക്കാ​ന​റി​യു​ന്ന ചു​രു​ക്കം ചി​ല​രി​ല്‍ ഒ​രാ​ളാ​യ ഗു​ല​ര്‍ തു​ര്‍​ക്കി​യു​ടെ മി​ഡ്ഫീ​ല്‍​ഡ് ജ​ന​റ​ല്‍ എ​ന്ന​തി​ലു​പ​രി അ​സാ​മാ​ന്യ ഗോ​ളു​ക​ള്‍ സ്‌​കോ​ര്‍ ചെ​യ്യാ​നും മി​ടു​ക്ക​നാ​ണ്.

ഇം​ഗ്ല​ണ്ടി​നാ​ക​ട്ടെ ഈ ​സീ​സ​ണി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യി​ല്‍ വി​സ്മ​യ​പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ലെ​ഫ്റ്റ് ബാ​ക്ക് നി​കോ ഒ​റെ​യ്‌​ലി മി​ക​ച്ച ഫോ​മി​ലാ​ണ്.

മ​ണി​ക്കൂ​റി​ല്‍ 35.9 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ഓ​ടി​യെ​ത്താ​ന്‍ ക​ഴി​വു​ള്ള ഒ​റെ​യ്‌​ലി ഇ​ത്ത​വ​ണ ഇം​ഗ്ലീ​ഷ് കോ​ച്ച് തോ​മ​സ് ടു​ഹെ​ലി​ന്‍റെ പ്ര​ധാ​ന ആ​യു​ധ​മാ​യി​രി​ക്കും.

മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ 21 വയസുകാ​ര​ന്‍ കോ​ബി മൈ​നൂ​വും ശാ​ന്ത​ത​യോ​ടെ ക​ളി മെ​ന​യാ​ന്‍ കെ​ല്‍​പ്പു​ള്ള മ​ധ്യ​നി​ര​താ​ര​മാ​യി ഇം​ഗ്ലീ​ഷ് നി​ര​യി​ലു​ണ്ട്.

ആ​ഫ്രി​ക്ക​ന്‍ ക​രു​ത്തും അ​പ്ര​തീ​ക്ഷി​ത കു​തി​പ്പു​ക​ളും

ഐ​വ​റി കോ​സ്റ്റി​ന്‍റെ യാ​ന്‍ ഡി​യൊ​മാ​ന്‍​ഡെ​യാ​ണ് ഈ ​ലോ​ക​ക​പ്പി​ല്‍ താ​ര​മാ​കാ​ന്‍ പോ​കു​ന്ന മ​റ്റൊ​രാ​ള്‍. ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ വിം​ഗ​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യ ഈ 19​ വയസുകാ​ര​ന്‍ നി​ല​വി​ല്‍ ജ​ര്‍​മ​ന്‍ ബൂ​ണ്ട​സ്‌​ലി​ഗ​യി​ല്‍ ആ​ര്‍.​ബി. ലൈ​പ്‌​സി​ഗിന്‍റെ മി​ന്നും​താ​ര​മാ​ണ്.

എ​തി​ര്‍ പ്ര​തി​രോ​ധ​ങ്ങ​ളെ ത​ക​ര്‍​ക്കാ​ന്‍ കെ​ല്‍​പ്പു​ള്ള വേ​ഗ​ത​യ്ക്ക് ഉ​ട​മ​യാ​ണ് ഡി​യൊ​മാ​ന്‍​ഡെ. സെ​ന​ഗ​ല്‍ ഫോ​ര്‍​വേ​ഡ് ഇ​ബ്രാ​ഹിം എം​ബാ​യെ, സെ​ന​ഗ​ലിന്‍റെ ബ​സു​മാ​ന ടൂ​റെ എ​ന്നി​വ​രും ക​ള​ത്തി​ല്‍ ഇ​ന്ദ്ര​ജാ​ലം തീ​ര്‍​ക്കാ​ന്‍ കെ​ല്‍​പു​ള്ള​വ​രാ​ണ്.

പി​എ​സ്ജി​ക്കൊ​പ്പം ചാ​മ്പ്യ​ന്‍​സ് ലീ​ഗ്, ലീ​ഗ് വ​ണ്‍ കി​രീ​ട​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി സൂ​പ്പ​ര്‍​താ​ര​മാ​യി ഉ​ദി​ച്ചു​യ​ര്‍​ന്ന ഫ്രാ​ന്‍​സി​ന്‍റെ 20 വ​യ​സു​കാ​ര​ന്‍ വാ​റ​ന്‍ സെ​യ​ര്‍​എ​മ്‌​റി ഇ​തി​ന​കം ത​ന്നെ ഫ്ര​ഞ്ച് ടീം ​മാ​നേ​ജ​ര്‍ ദി​ദി​യെ ദെ​ഷാം​പ്‌​സി​ന്‍റെ വി​ശ്വ​സ്ത​നാ​യി മാ​റി.

പി​എ​സ്ജി​യു​ടെ ത​ന്നെ ഇ​രു​പ​തു​കാ​ര​ന്‍ ഡി​സൈ​ര്‍ ഡ്യു​എ ആ​ക​ട്ടെ സൂ​പ്പ​ര്‍​താ​ര​മാ​യി പേ​രെ​ടു​ത്തു​ക​ഴി​ഞ്ഞു. ലോ​ക​ക​പ്പ് പോ​ലെ വ​ലി​യ വേ​ദി​യി​ല്‍ കി​ലി​യ​ന്‍ എം​ബാ​പ്പെ​യ്‌​ക്കൊ​പ്പം സ്വ​ന്തം രാ​ജ്യ​ത്തി​ന് ക​ഴി​ഞ്ഞ​ത​വ​ണ ന​ഷ്ട​പ്പെ​ട്ട കി​രീ​ടം നേ​ടി​ക്കൊ​ടു​ക്കാ​നു​ള്ള ക​രു​ത്ത് ഡ്യൂ​എ​യു​ടെ കാ​ലു​ക​ള്‍​ക്കു​ണ്ട്.

ടൂ​ര്‍​ണ​മെ​ന്‍റി​ലെ മ​റ്റൊ​രു സ​ര്‍പ്രെെ​സ് പാ​ക്കേ​ജ് ക്രോ​യേ​ഷ്യ​യു​ടെ ലൂ​ക്കാ വു​സ്‌​കോ​വി​ച്ചാ​ണ്. ആ​റ​ടി നാ​ലി​ഞ്ച് ഉ​യ​ര​മു​ള്ള ഈ 19 ​വ​യ​സു​കാ​ര​ന്‍ പ്ര​തി​രോ​ധ​ത്തി​ല്‍ മാ​ത്ര​മ​ല്ല, സെ​റ്റ് പീ​സു​ക​ളി​ല്‍ നി​ന്ന് ഹെ​ഡ്ഡ​റു​ക​ളി​ലൂ​ടെ​യും അ​ക്രോ​ബാ​റ്റി​ക് വോ​ളി​ക​ളി​ലൂ​ടെ​യും ഗോ​ള​ടി​ക്കാ​ന്‍ മി​ടു​ക്ക​നാ​ണ്.

ബ്ര​സീ​ലി​യ​ന്‍ മാ​ജി​ക്

ഈ ​ലോ​ക​ക​പ്പി​ന്‍റെ താ​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന പ​തി​നെ​ട്ടു​കാ​ര​ന്‍ സെ​ന്‍​സേ​ഷ​ന്‍ എ​സ്റ്റ​വാ​യോ പ​രി​ക്കു​മൂ​ലം ടീ​മി​നു പു​റ​ത്താ​യ​താ​ണ് ബ്ര​സീ​ലിന്‍റെ ദുഃ​ഖം. എ​ന്നാ​ല്‍ എ​ന്ന​ത്തെ​യും​പോ​ലെ ഒ​രു​പി​ടി യു​വ​രാ​ജാ​ക്ക​ന്‍​മാ​രു​മാ​യാ​ണ് മ​ഞ്ഞ​പ്പ​ട ഇ​ത്ത​വ​ണ​യും എ​ത്തു​ന്ന​ത്.

അ​വ​സ​ര​ങ്ങ​ള്‍ കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍​നി​ന്നു ലോ​ണി​ല്‍ ഒ​ളി​മ്പി​ക് ലി​യോ​ണി​ല്‍ എ​ത്തി ത​ക​ര്‍​പ്പ​ന്‍ ഫോ​മി​ല്‍ തു​ട​രു​ന്ന എ​ന്‍​ഡ്രി​ക്ക് ക​ളി ഏ​തു നി​മി​ഷ​വും മാ​റ്റി​മ​റി​ക്കാ​ന്‍ ശേ​ഷി​യു​ള്ള പ്ര​തി​ഭ​യാ​ണ്.

ബോ​ണ്‍​മൗ​ത്തി​ന്‍റെ പ​ത്തൊ​ന്‍​പ​തു​കാ​ര​ന്‍ ഫോ​ര്‍​വേ​ഡ് റ​യാ​ന് പ്ര​തി​ഭ​ക​ള്‍ നി​റ​ഞ്ഞ ബ്ര​സീ​ല്‍ മു​ന്നേ​റ്റ​ക്കാ​ര്‍​ക്കി​ട​യി​ല്‍ സ്റ്റാ​ര്‍​ട്ടിം​ഗ് ഇ​ല​വ​നി​ല്‍ അ​വ​സ​രം ല​ഭി​ക്കാ​ന്‍ ഇ​ട​യി​ല്ലെ​ങ്കി​ലും സ​ബ്സ്റ്റിറ്റ്യൂ​​ട്ട് ആ​യി ക​ള​ത്തി​ലെ​ത്തു​മ്പോ​ള്‍ ത​ന്‍റെ പ്ര​തി​ഭ ലോ​ക​ത്തെ കാ​ണി​ക്കാ​നാ​യേ​ക്കും.

Tags : Football World Cup 2026 Best Young Players Lamine Yamal Nico Paz Endrick

Recent News

Corehub Up