ടൗണ്ടൻ: ലോകകപ്പിന് മുന്‍പുള്ള അവസാന ട്വന്റി20 പരന്പരയിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതോടെ ഇന്ത്യ പരന്പര കൈവിട്ടു. താരങ്ങളുടെ ഫോമില്ലാഴ്മയും അകലുന്ന ജയവും ഇന്ത്യക്ക് ആശങ്കയുടെ ദിനങ്ങളാണ് നല്‍കുന്നത്.
ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യ പിന്നീട് രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടു. മൂന്നാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 181 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
അർധസെഞ്ചുറി നേടിയ ആലീസ് കാപ്സി (43 പന്തിൽ 82), ഹീതർ നൈറ്റ് (42 പന്തിൽ 70*) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ അനായാസ വിജയത്തിലെത്തിച്ചത്. വനിതാ ട്വന്റി20യിൽ ഇംഗ്ലണ്ട് മണ്ണിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റിക്കാർഡും മത്സരത്തിൽ പിറന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ സ്മൃതി മന്ഥാന (8) ഷഫാലി വർമ (11) നും പുറത്തായി.
എട്ടാം ദിനം ട്വന്റി ലോകകപ്പ് ആരംഭിക്കാനിരിക്കേ പരന്പര നഷ്ടവും താരങ്ങളുടെ ഫോമില്ലാഴ്മയും ഇന്ത്യക്ക് തലവേദനയാണ്.
ജൂണ്‍ 12ന് ആരംഭിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം 14ന് പാക്കിസ്ഥാനെതിരേയാണ്. ഇതിന് മുന്‍പ് രണ്ട് സന്നാഹ മത്സരങ്ങൾ മാത്രമാണ് താരങ്ങൾക്ക് മികവിലേക്ക് തിരിച്ചെത്തി ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാൻ ബാക്കിയുള്ളത്.
ഓപ്പണർ സ്മൃതി മന്ഥാനയുടെയും സഹ ഓപ്പണർ ഷഫാലി വർമയുടെയും ഫോം ഇന്ത്യൻ കുതിപ്പിൽ നിർണായകമാണ്. ബാറ്റർമാർ സ്ഥിരത പുലർത്താത്തത് വലിയ തിരിച്ചടിയാണ്.
Tags : T20 Cricket India England Women's T20 cricket