ഓക്ലന്‍ഡ്: ഹോം സീസണിന്റെ ഭാഗമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ന്യൂസിലൻഡ് പര്യടനത്തിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു.
ഇന്ത്യയുടെ (ടെസ്റ്റ്, ഏകദിനം, ട്വന്റി20) ടൂർ ഉൾപ്പെടുന്ന പരന്പരകളുടെ മത്സരക്രമമാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ഒൗദ്യോഗികമായി പുറത്തുവിട്ടത്. മത്സരങ്ങളുടെ എണ്ണത്തിൽ ന്യൂസിലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദ്വിരാഷ്ട്ര പരന്പരയാണിത്.
നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു സന്പൂർണ പരന്പരയ്ക്കായി ന്യൂസിലൻഡിലെത്തുന്നത്.
ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന പര്യടനത്തിൽ അഞ്ച് ട്വന്റി20, അഞ്ച് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുക. 2019ന് ശേഷം ആദ്യമായാണ് ഇന്ത്യ ന്യൂസിലൻഡിൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്. ഏഴ് വർഷത്തിനുശേഷമാണ് ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരന്പരയിൽ കളിക്കുന്നതെന്നതുമാണ് ഇന്ത്യൻ ടൂറിന്റെ പ്രത്യേകത.
ഇന്ത്യൻ പരന്പരയ്ക്ക് തൊട്ടുപിന്നാലെ ശ്രീലങ്കൻ പുരുഷ ടീമും ന്യൂസിലൻഡിൽ പര്യടനം നടത്തും. ജനുവരി 16ന് ആരംഭിക്കുന്ന പരന്പരയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്. അതേസമയം ന്യൂസിലൻഡ് വനിതാ ക്രിക്കറ്റ് ടീമിന് ഈ ഹോം സീസണിൽ ബംഗ്ലാദേശിനെതിരേ മാത്രമാണ് മത്സരങ്ങളുള്ളത്.
ടെസ്റ്റ് പരമ്പര:
ഒന്നാം ടെസ്റ്റ്: നവംബർ 19 - 23 (വെല്ലിംഗ്ടണ്‍)
രണ്ടാം ടെസ്റ്റ്: നവംബർ 27 - ഡിസംബർ 1 (ക്രിസ്റ്റചർച്ച്)
ട്വന്റി20 പരമ്പര:
ഒന്നാം ട്വന്റി20: ഒക്ടോബർ 22 (ക്രിസ്റ്റചർച്ച്)
രണ്ടാം ട്വന്റി20: ഒക്ടോബർ 24 (ക്രിസ്റ്റചർച്ച്)
മൂന്നാം ട്വന്റി20: ഒക്ടോബർ 27 (വെല്ലിംഗ്ടണ്‍)
നാലാം ട്വന്റി20: ഒക്ടോബർ 30 (ഓക്ലന്‍ഡ്)
അഞ്ചാം ട്വന്റി20: നവംബർ 1 (ഹാമിൽട്ടണ്)
ഏകദിന പരമ്പര:
ഒന്നാം ഏകദിനം: നവംബർ 4 (ഓക്ലൻഡ്)
രണ്ടാം ഏകദിനം: നവംബർ 7 (വെല്ലിംഗ്ടണ്‍)
മൂന്നാം ഏകദിനം: നവംബർ 10 (ഹാമിൽട്ടണ്)
നാലാം ഏകദിനം: നവംബർ 13 (മൗണ്ട് മൗംഗനൂയി)
അഞ്ചാം ഏകദിനം: നവംബർ 15 (മൗണ്ട് മൗംഗനൂയി)
Tags : India-New Zealand tour schedule announced