നിലന്പൂർ: നിലന്പൂരിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
പാലക്കാട്-നിലന്പൂർ, ഷൊർണൂർ-നിലന്പൂർ റൂട്ടുകളിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ മെമു സർവീസുകൾ അനുവദിക്കണമെന്ന് പ്രിയങ്കഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. നിലവിൽ സർവീസ് നടത്തുന്ന പാലക്കാട്-നിലന്പൂർ, ഷൊർണൂർ-നിലന്പൂർ പാസഞ്ചർ ട്രെയിനുകൾ മെമു സർവീസുകളാക്കി മാറ്റണമെന്നും പാലക്കാട് ഡിവിഷൻ നിർദേശിക്കുകയും സതേണ് റെയിൽവേ ആസ്ഥാനത്തുനിന്ന് റെയിൽവേ ബോർഡിന് ശിപാർശ ചെയ്തിട്ടുള്ള അഞ്ച് പുതിയ മെമു സർവീസുകൾക്ക് ഉടൻ അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് നിലന്പൂർ വരെ ദീർഘിപ്പിക്കണമെന്നും 24 കോച്ചുകളുള്ള ട്രെയിനുകൾക്ക് അനുയോജ്യമായി നിലന്പൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ദീർഘിപ്പിക്കുകയും യാർഡ് നവീകരിക്കുകയും ചെയ്യണമെന്നും പ്രിയങ്കഗാന്ധി, കത്തിൽ ആവശ്യമുന്നയിച്ചു.
തുവൂർ, പട്ടിക്കാട്, ചെറുകര, വള്ളപ്പുഴ എന്നീ ഹാൾട്ട് സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകൾ 24 കോച്ചുകളുള്ള ട്രെയിനുകൾക്ക് അനുയോജ്യമായി വികസിപ്പിക്കുക, ഷൊർണൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗമാക്കുക, തിരുവനന്തപുരം-കാസർഗോഡ്, തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്സ്പ്രസുകളിലേക്ക് സൗകര്യപ്രദമായ കണക്ഷൻ ലഭിക്കുന്നതിന് കോട്ടയം-നിലന്പൂർ എക്സ്പ്രസിന്റെയും ഷൊർണൂർ-നിലന്പൂർ മെമുവിന്റെയും പുറപ്പെടൽ സമയം പുനഃക്രമീകരിക്കുക എന്നുമാണ് മറ്റ് ആവശ്യങ്ങൾ.
2025 സെപ്തംബറിൽ വണ്ടൂരിൽ പ്രിയങ്കഗാന്ധി എംപി വിളിച്ചു ചേർത്ത യോഗത്തിൽ ഉന്നയിക്കപ്പെട്ട ഷൊർണൂർ - നിലന്പൂർ മെമു സർവീസ് ആരംഭിച്ചതിനും കോട്ടയം-നിലന്പൂർ എക്സ്പ്രസിൽ അധിക കോച്ച് അനുവദിച്ചതിനും തുവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോം ദീർഘിപ്പിച്ചതിനുമുള്ള നന്ദിയും പ്രിയങ്കഗാന്ധി കേന്ദ്രമന്ത്രിയെ അറിയിച്ചു.