നീലേശ്വരം: ദേശീയപാത 66ല്‍ നീലേശ്വരത്ത് ആകാശപാത (എലവേറ്റഡ് ഹൈവേ) നിര്‍മിക്കണമെന്ന ആവശ്യത്തിന് നേരെ കണ്ണടച്ചു നില്ക്കുന്ന ദേശീയപാത അഥോറിറ്റിയുടെ മെല്ലെപ്പോക്കിനെതിരേ ശക്തമായ താക്കീതായി നീലേശ്വരത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. നീലേശ്വരം കോണ്‍വന്റ് ജംഗ്ഷനില്‍ നിന്നാരംഭിച്ച പന്തംകൊളുത്തി പ്രകടനം നഗരം ചുറ്റി സമരപ്പന്തലില്‍ അവസാനിച്ചു.
ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നീലേശ്വരം നഗരത്തിന്റെ വാണിജ്യ, സാമൂഹിക ബന്ധങ്ങള്‍ തടസപ്പെടാതിരിക്കാനും ഗതാഗതക്കുരുക്കുകള്‍ ഇല്ലാതെ സുഗമമായ യാത്ര ഉറപ്പാക്കാനും ആകാശപാത അനിവാര്യമാണെന്ന് ജനകീയ സമരസമിതി പറഞ്ഞു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ ഇനിയും അവഗണിക്കാനാണ് അധികാരികളുടെ തീരുമാനമെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം.
മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍മിക്കുന്ന അശാസ്ത്രീയമായ മണ്‍തിട്ട പൊളിച്ചുനീക്കി ആകാശപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തില്‍ നഗരസഭ അടിയന്തരമായി ധവളപത്രം പുറത്തിറക്കണമെന്ന് ജനകീയ സമര സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ 15 വര്‍ഷമായി ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നഗരസഭയും ജനപ്രതിനിധികളും സ്വീകരിച്ച നിലപാടുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭയുടെ പ്രത്യേക സമിതിക്ക് സമര സമിതി തുറന്ന കത്ത് നല്കി.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പരിപാടികള്‍ അവസാനിപ്പിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ജനപ്രതിനിധികള്‍ ഈ വിഷയത്തില്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നും സമരസമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.