കോഴിക്കോട്: കായികമേളകളില്‍ പലകുറി സ്വര്ണമണിഞ്ഞിട്ടുണ്ടെങ്കിലും നിരഞ്ജനയ്ക്ക് ഇത്തവണത്തെ നേട്ടം സ്പെഷ്യലാണ്. കാരണം, നിരഞ്ജന വിജയിയായി ട്രാക്കിൽനിന്നു കയറിയത് അമ്മയുടെ അരികിലേക്ക്. കായികവേദികളിൽ കഴിഞ്ഞ നാലു വർഷമായി മത്സരിക്കുന്നുണ്ടെങ്കിലും നിരഞ്ജനയുടെ അമ്മ ശ്രീജിത ആദ്യമായാണ് ഒരു മത്സരം കാണാൻ നേരിട്ടെത്തുന്നത്. സ്വര്‍ണമണിഞ്ഞ് ഫിനിഷിംഗ് ലൈനില്‍ തൊട്ട താരത്തെ അമ്മ ശ്രീജിത വാരിപ്പുണര്‍ന്ന് സ്വീകരിച്ചു.
മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ നിരഞ്ജന സീനിയര്‍ പെണ്‍കുട്ടികളുടെ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ 15:06.11 സെക്കന്‍ഡിലാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. കായികമേളയിലെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണനേട്ടമാണിത്. 2024, 2025 മീറ്റുകളില്‍ ജൂനിയര്‍ വിഭാഗത്തിലായിരുന്നു സ്വര്‍ണം നേടിയത്. 2023-ല്‍ സബ് ജൂനിയര്‍ വിഭാഗത്തിലായിരുന്നിട്ടും ജൂനിയര്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് വെള്ളി നേടിയിരുന്നു.
മത്സരം കാണാന്‍ അമ്മ ശ്രീജിതയും സഹോദരിയും കായികതാരവുമായ നിവേദിതയും എത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നാണ് ഒരിക്കൽപ്പോലും അമ്മയ്ക്കു മകളുടെ മത്സരം കാണാൻ സാധിക്കാതിരുന്നത്. ഇത്തവണ അധികം ദൂരമില്ലാത്തതിനാല്‍ സ്റ്റേഡിയത്തിലേക്ക് എത്തുകയായിരുന്നു. ആലത്തിയൂര്‍ പുത്താഞ്ചേരിയിലെ കൂലിപ്പണിക്കാരനായ പ്രസീദ് ആണ് നിരഞ്ജനയുടെ പിതാവ്.
കടുത്ത ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ചാണ് നിരഞ്ജന ട്രാക്കിലെത്തിയത്. ലുധിയാനയില്‍ നടന്ന നാഷണല്‍ യൂത്ത് മീറ്റില്വച്ച് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് ഒരു മാസത്തോളം പനിക്കിടക്കയിലായിരുന്നു. ശാരീരിക അവശതകള്‍ കാരണം കഴിഞ്ഞ ജൂനിയര്‍ മീറ്റുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഗ്രൗണ്ട് സൗകര്യങ്ങള്‍ കുറവായതിനാല്‍ തിരക്കൊഴിഞ്ഞ റോഡുകളിലാണ് നിരഞ്ജനയുടെ പരിശീലനം. സുഹൃത്തുക്കള്‍ പരിശീലിക്കുന്നതു കണ്ടാണ് നിരഞ്ജന കായികമേഖലയിലേക്ക് എത്തിയത്. ആദ്യം ദീര്‍ഘദൂര ഓട്ടത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
പിന്നീട് നടത്തത്തിലേക്കു മാറി. സംസ്ഥാന കായികമേളയ്ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ ചാത്തന്നൂര്‍ സ്കൂളിലെ സിന്തറ്റിക് ട്രാക്കിലായിരുന്നു പരിശീലനം. രാവിലെ ആലത്തിയൂരില്‍ നിന്ന് ചാത്തന്നൂരിലെത്തി വൈകിട്ടുവരെ പരിശീലനം നടത്തി മടങ്ങുകയായിരുന്നു പതിവ്.