കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ട്രയല്‍ റണ്‍ ഏപ്രിലില്‍ ആരംഭിക്കും. കൊല്ലം കോര്‍പറേഷനിലെയും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെയും അഞ്ചുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണിത്.
പദ്ധതിക്കായിഞാങ്കടവ് കടവ്, വസൂരിച്ചിറയിലെ സംസ്കരണ പ്ലാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാപിക്കാനുള്ള 15 വലിയ പമ്പ് സെറ്റുകളും മോട്ടോറുകളുമെത്തി. ഞാങ്കടവില്‍ നാല് പമ്പ് സെറ്റുകളും വസൂരിച്ചിറയില്‍ 11 പമ്പ് സെറ്റുകളുമാണ് സ്ഥാപിക്കുന്നത്. ഇവ ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാപിച്ച് തുടങ്ങും. സ്റ്റാര്‍ട്ടറും ഞാങ്കടവിലേക്കും വസൂരിച്ചിറയിലേക്കുമുള്ള ട്രാന്‍സ്ഫോര്‍മറുകളും എത്തിച്ചേരാനുണ്ട്.
രണ്ടിടത്തും ട്രാന്‍സ്ഫോര്‍മര്‍ കെട്ടിടത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. സ്റ്റാര്‍ട്ടറിന്റെ കമ്പനിയിലെ ടെസ്റ്റിനായി വാട്ടര്‍ അഥോറിറ്റിയുടെയും കിഫ്ബിയുടെയും ഉദ്യോഗസ്ഥര്‍ ഉടന്‍ എത്തിച്ചേരും.
15 മോട്ടോറുകൾ, പമ്പ് സെറ്റുകൾ, രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍, പമ്പിംഗിന്റെ ഓട്ടോമേഷന്‍ സംവിധാനം എന്നിവയുടെ നിര്‍മാണം, സ്ഥാപിക്കല്‍ എന്നിവയ്ക്കായി 52.91 കോടിയുടെ കരാറാണ് നല്‍കിയിട്ടുള്ളത്. കൂടുതല്‍ ശേഷി ആവശ്യമായതിനാല്‍ 15 പമ്പ് സെറ്റുകളും മോട്ടോറുകളും ഞാങ്കടവ് പദ്ധതിക്കായി പ്രത്യേകം നിര്‍മിച്ചതാണ്.
ഞാങ്കടവിലെ കിണറ്റില്‍ 975 എച്ച്പി ശേഷിയുള്ള നാല് പമ്പ് സെറ്റുകളാണ് സ്ഥാപിക്കുന്നത്. അതില്‍ രണ്ടെണ്ണം ഒരേസമയം പ്രവര്‍ത്തിപ്പിച്ച് 109 എംഎല്‍ഡി ജലമാണ് ഒരു ദിവസം പമ്പ് ചെയ്യുന്നത്. ഞാങ്കടവില്‍ 975 എച്ച്പിയുള്ള നാല് പമ്പ് സെറ്റുകളാണ് സ്ഥാപിക്കുന്നത്. വസൂരിച്ചിറയില്‍ 53 എച്ച്പിയുള്ള രണ്ടെണ്ണവും മണിച്ചിത്തോട്ടില്‍ 265 എച്ച്പിയുള്ള മൂന്നെണ്ണവും സ്ഥാപിക്കും. കൊറ്റങ്കരയില്‍ 48 എച്ച്പിയുള്ള മൂന്നെണ്ണവും വടക്കേവിളയില്‍ 47 എച്ച്പിയുള്ള മൂന്നെണ്ണവും സ്ഥാപിക്കും.
2021ല്‍ 25.83 കോടിക്ക് തടയണ നിര്‍മിക്കാന്‍ കരാറായെങ്കിലും എസ്റ്റിമേറ്റിലെ പിഴവ് കാരണം കരാര്‍ റദ്ദാക്കിയിരുന്നു.